തഞ്ചാവൂർ: പ്രകൃതിദുരന്തങ്ങളും കൊടുംചൂടും ജലക്ഷാമവും തഞ്ചാവൂരിലെ നെൽക്കൃഷിക്ക് തിരിച്ചടിയാകുന്നു. വിളവെടുക്കാൻ പറ്റാതായതോടെ കർഷക കുടുംബങ്ങൾ ദാരിദ്ര്യത്തിന്റെ വക്കിലാണ്. ഒരുകാലത്ത് തമിഴ്‌നാടിന്റെ നെല്ലറ എന്നറിയപ്പെട്ടിരുന്ന തഞ്ചാവൂരിന്റെ ഇന്നത്തെ ചിത്രം വേദന പടർത്തുന്നതാണ്. തഞ്ചാവൂർ, തിരുവാരൂർ മേഖലയിലെ കർഷകർ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട്‌ വർഷങ്ങളായെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി നാളിതുവരെ കാണാത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണിവർ.

മേഖലയിൽ ജലക്ഷാമം രൂക്ഷമാണ്. കാവേരിനദിയിൽനിന്ന് ജലസേചനത്തിനാവശ്യമായ വെള്ളം കിട്ടാനില്ല. മഴലഭ്യത കുറഞ്ഞതിനാൽ കൊടുംചൂടിൽ പാടം വെന്തുരുകുന്നു. നെൽക്കൃഷിയിൽനിന്ന് പലരും പിൻമടങ്ങുകയാണ്. ഗജ ചുഴലിക്കാറ്റുൾപ്പെടെ പ്രകൃതിദുരന്തങ്ങൾ വിതച്ച ദുരിതങ്ങളും വലുതായിരുന്നു. കൺമുന്നിൽ വിളകൾ തകർന്നടിഞ്ഞത് കണ്ണീരോടെ നോക്കിനിൽക്കാനേ ഇവർക്കായുളളൂ. കാർഷിക വായ്പകൾ തിരിച്ചടയ്ക്കാൻ വഴിയില്ലാതെ കർഷക ആത്മഹത്യകളും പെരുകി. തങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരംകാണാൻ തമിഴ്‌നാട്ടിലെ കർഷകർ ഡൽഹിയിൽ നീണ്ടനാൾ നടത്തിയ പേരാട്ടത്തിനുനേരെ കേന്ദ്രം മുഖംതിരിച്ചുവെന്നും തമിഴ്‌നാട് സർക്കാരും തഴഞ്ഞുവെന്നും ഇവർ വേദനയോടെ പറയുന്നു. ഇപ്പോൾ ഉപജീവനമാർഗം വഴിമുട്ടിയസ്ഥിതിയിലാണ് തഞ്ചാവൂർ, തിരുവാരൂർ മേഖലകളിലെ ആയിരക്കണക്കിന് കർഷകരെന്ന് തദ്ദേശവാസിയായ സുന്ദരവേൽ പറഞ്ഞു. ഏക്കർകണക്കിന് ഭൂമിയുളളവർക്കു മാത്രമേ നെൽക്കൃഷി അല്പമെങ്കിലും ലാഭം നൽകുന്നുളളൂ. രണ്ടും മൂന്നും ഏക്കറിൽ വിളവെടുപ്പ് നടത്തിയിരുന്നവർ നെൽക്കൃഷി ഉപേക്ഷിച്ചു. വർഷത്തിൽ മൂന്നുതവണ വിളവെടുത്തിരുന്ന പാടത്ത് ഒരുതവണ വിളവെടുക്കാൻ സാധിക്കുന്നില്ല. വിതയ്ക്കാനും കൊയ്യാനും യന്ത്രങ്ങൾ സാർവത്രികമായതോടെ നെൽക്കൃഷിയെ വിശ്വസിച്ച് പാടത്തിറങ്ങാൻ തൊഴിലാളികളും മടികാട്ടുന്നുവെന്ന് കർഷകനായ തിരുനാവുക്കരശ് പറഞ്ഞു. സർക്കാർ നെല്ല് സംഭരിക്കുന്നുണ്ടെങ്കിലും കർഷകരെ ചൂഷണം ചെയ്യാൻ ഇടനിലക്കാർ ധാരാളം.

150 കിലോ നെല്ലിന് ഇടനിലക്കാർ കർഷകർക്ക് നൽകുന്നത് 1900 രൂപയാണെങ്കിൽ സർക്കാരിന് നൽകുന്നത് 50 കിലോയ്ക്ക് 1000 രൂപ നിരക്കിലാണ്‌. 150 കിലോ നെല്ല് കച്ചവടം നടത്തിയാൽ ഒരു അധ്വാനവുമില്ലാതെ നിമിഷനേരംകൊണ്ട് ഇടനിലക്കാരുടെ കീശയിലാക്കുന്നത് 1100 രൂപയാണെന്ന് കർഷക വാസന്തി പറഞ്ഞു. ഇടനിലക്കാരുടെ മുതലെടുപ്പ് തടയാനായി വാസന്തി സ്വന്തമായി മിൽ തുടങ്ങി. അവർ നെല്ല് അരിയാക്കി നേരിട്ട് വിൽക്കുകയാണിപ്പോൾ. നെൽക്കൃഷി നഷ്ടത്തിലായതോടെ പലരും പരുത്തിക്കൃഷിയിലേക്ക് തിരിഞ്ഞു. വെളളം കുറച്ചുമതി എന്നതാണ് പ്രധാനഗുണം. നെൽക്കൃഷിക്ക് പാടംനിറയെ വെള്ളം കെട്ടിനിർത്തണം. പരുത്തിക്ക് 10 ദിവസം കൂടുമ്പോൾ വെള്ളം നനച്ചാൽ മതിയെന്നാണ് കർഷകനായ വടിവേലു പറയുന്നത്. കുഴൽക്കിണറുള്ളവർക്ക് മാത്രമേ പരുത്തിക്കൃഷി ചെയ്യാനാകൂ എന്നും കാവേരിജലത്തെ മാത്രം ആശ്രയിക്കുന്നവർക്ക് ഇത് നടക്കില്ലെന്നും വടിവേലു വ്യക്തമാക്കി. നെല്ലിനെപോലെ പരുത്തിക്ക് നിശ്ചിതവില ഇല്ലെന്നതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. മൂന്നുവർഷം മുമ്പ് ഒരു കിലോ പരുത്തിയുടെ വില 70 രൂപയായിരുന്നുവെങ്കിൽ ഇപ്പോൾ നിരക്ക് ഗണ്യമായി കുറഞ്ഞു.