ചെന്നൈ: എ.ഐ.എ.ഡി.എം.കെ. വിമത നേതാവ് ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ കക്ഷിയിൽ നിന്ന് മറ്റൊരു നേതാവ് കൂടി ഡി.എം.കെ.യിൽ ചേരുമെന്ന് സൂചന. ദിനകരൻ പക്ഷത്തെ പ്രമുഖ നേതാവ് തങ്കത്തമിഴ്‌സെൽവനാണ് ഡി.എം.കെ.യിലേക്ക് കൂടുമാറാനൊരുങ്ങുന്നത്. ദിനകരന്റെ അടുത്ത അനുയായിയും മുൻ മന്ത്രിയുമായിരുന്ന സെന്തിൽ ബാലാജി വെള്ളിയാഴ്ചയാണ് ഡി.എം.കെ.യിൽ ചേർന്നത്.

എന്നാൽ, ഇക്കാര്യം തങ്കത്തമിഴ്‌ശെൽവൻ ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ, അദ്ദേഹം ഡി.എം.കെ.യിൽ എത്തുമെന്നു തന്നെയാണ് പാർട്ടി രഹസ്യവൃത്തങ്ങളിൽ നിന്നുള്ള വിവരം. ദിനകരനും തങ്കത്തമിഴ്‌സെൽവനും തമ്മിൽ അഭിപ്രായവ്യത്യാസം രൂപപ്പെട്ടിട്ടുണ്ടെന്നാണറിയുന്നത്. അതേസമയം, തങ്കത്തമിഴ്‌സെൽവനെ പാർട്ടിയിലേക്ക് വലിച്ചാൽ തിരഞ്ഞെടുപ്പുകളിൽ ഗുണകരമാവുമെന്നാണ് ഡി.എം.കെ. കരുതുന്നത്. എ.ഐ.എ.ഡി.എം.കെ.യുടെ ഉരുക്കുകോട്ടയായ കൊങ്ങുനാട് മേഖല പിടിച്ചടക്കുന്നതിന്റെ ഭാഗമായാണ് ഡി.എം.കെ.സെന്തിൽ ബാലാജിയെ തങ്ങൾക്കൊപ്പം ചേർത്തതെന്നാണറിയുന്നത്.

ഇപ്പോൾ തങ്കത്തമിഴ്‌സെൽവൻ പാർട്ടിയിലെത്തുന്നതിനു പിന്നിലും ഡി.എം.കെ.യ്ക്ക് വ്യക്തമായ അജൻഡയുണ്ട്. തേനി ജില്ലയിലാണ് തങ്കത്തമിഴ്‌ശെൽവന്റെ സ്വദേശം. ഇതേ ജില്ലക്കാരനാണ് എ.ഐ.എ.ഡി.എം.കെ.യുടെ അമരക്കാരനായ ഒ. പനീർശെൽവവും. ഡി.എം.കെ.യ്ക്കാണെങ്കിൽ ഈ മേഖലയിൽ കരുത്തുറ്റ നേതാവ് ആരുമില്ല. ഈ അവസരമാണ് തങ്കത്തമിഴ്‌സെൽവനിലൂടെ ഡി.എം.കെ. ഒ.പി.എസിന്റെ കരുത്ത് കുറയ്ക്കാൻ തങ്കത്തമിഴ്‌സെൽവന് സാധിച്ചേക്കും. തേവർ സമുദായക്കാരുടെ വോട്ടുകൾ തങ്കത്തമിഴ്‌സെൽവനിലൂടെ സ്വന്തമാക്കുകയാണ് ഡി.എം.കെ.യുടെ ലക്ഷ്യം. തങ്കത്തമിഴ്‌സെൽവത്തെ സംബന്ധിച്ചിടത്തോളം ഒ.പി.എസിനോട് പല കാര്യങ്ങളിലും കടുത്ത വിയോജിപ്പുണ്ട്. ഒ.പി.എസിനെക്കാൾ കൂടുതൽ അദ്ദേഹം പൊരുത്തപ്പെട്ട് പ്രവർത്തിക്കുക ചിലപ്പോൾ ഡി.എം.കെ.യോടായിരിക്കും.