ചെന്നൈ: വീതി കുറഞ്ഞ റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കിയ ക്ഷേത്രം ഉയര്‍ത്തി മാറ്റി. നന്ദനം സി.ഐ.ടി. നഗറിലുള്ള വിനായക ക്ഷേത്രമാണ് ജാക്ക് യന്ത്രം ഉപയോഗിച്ച് നീക്കിയത്.

ഏഴുപത് വര്‍ഷം പഴക്കമുള്ള ചെറുക്ഷേത്രം മുന്‍പ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് മൂന്ന് അടിയോളം മാറ്റി സ്ഥാപിക്കുകയായിരുന്നു. ക്ഷേത്രത്തിന് യാതൊരു കേട് പാടുമില്ലാതെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.

ജാക്ക് യന്ത്രം ഉപയോഗിച്ച് ഉയര്‍ത്തി നിര്‍ത്തിയ ക്ഷേത്രത്തിന്റെ സ്ഥാനം മാറ്റുന്നതിന് വേണ്ടി അധിക സമയംവേണ്ടി വന്നില്ലെങ്കിലും ഇതിനുള്ള ഒരുങ്ങള്‍ക്ക് ദിവസങ്ങള്‍ വേണ്ടി വന്നുവെന്ന് ഇതിന് നേതൃത്വം നല്‍കിയ എന്‍.ജി.ഐ. ബില്‍ഡിങ് ലിഫ്റ്റിങ് കമ്പനി അധികൃതര്‍ പറഞ്ഞു.

കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ ഇത്തരത്തില്‍ കെട്ടിടങ്ങള്‍ ഉയര്‍ത്തി നീക്കിയിട്ടുണ്ടെന്ന് സൂപ്പര്‍വൈസര്‍ ഗോകുല്‍ പറഞ്ഞു.