ചെന്നൈ: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനയായ പേറ്റ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് അടിയന്തര കത്തയച്ചു.

ജെല്ലിക്കെട്ട് മനുഷ്യരുടെയും കാളകളുടെയും ജീവന്‍ അപായപ്പെടുത്തുന്നതിനാല്‍ നിരോധിക്കണം. അടുത്തിടെ നടന്ന ജെല്ലിക്കെട്ടില്‍ 23 മനുഷ്യരുടെ ജീവന്‍ പൊലിഞ്ഞു.

ആറു കാളകളാണ് ചത്തത്. ഫെബ്രുവരി നാലിന് തിരുച്ചിയിലെ അല്ലൂരില്‍ നടന്ന ജെല്ലിക്കെട്ടില്‍ ഒരു കാള ചത്തു. 2008 നും 2014- നും ഇടയില്‍ 43 പേരുടെയും നാലു കാളകളുടെയും ജീവനാണ് ജെല്ലിക്കെട്ട് മൂലം ഇല്ലാതായത്.

അയ്യായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂവായിരം പേരുടെ പരിക്ക് ഗുരുതരമാണ്.

ജെല്ലിക്കെട്ടില്‍ കാളകള്‍ ചാവുന്നത് സംഘാടകര്‍ രഹസ്യമാക്കുകയാണ്. യഥാര്‍ഥ എണ്ണം പുറത്തു വരുന്നില്ലെന്നും പേറ്റ കത്തില്‍ ചൂണ്ടിക്കാട്ടി.