ചെന്നൈ: മഴക്കെടുതികൾ തീരും വരെ സർക്കാരിന്റെ ന്യായവില ഭക്ഷണശാലകളായ അമ്മാ ഉണവകങ്ങളിൽ ഭക്ഷണം സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. മൂന്നുനേരവും ഭക്ഷണം സൗജന്യമായി ലഭിക്കും. അമ്മാ ഉണവകങ്ങൾക്ക് പുറമെ ചെന്നൈ കോർപറേഷന്റെ നേതൃത്വത്തിലും ദുരിതമേഖലകളിൽ ഭക്ഷണം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചെന്നൈയിൽ 200 വാർഡുകളിലായി 403 അമ്മാ ഉണവകങ്ങളാണുള്ളത്. ദിനംപ്രതി ഒന്നര ലക്ഷത്തോളം പേർക്ക് അമ്മാ ഉണവകങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

നഗരത്തിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ അമ്മാ ഉണവകത്തിലും മുഖ്യമന്ത്രി സ്റ്റാലിൻ പരിശോധന നടത്തി. അടുക്കളയും പരിസരങ്ങളും ഭക്ഷണവും അദ്ദേഹം പരിശോധിച്ചു. സെമ്പിയത്തെ കല്യാണ മണ്ഡപത്തിൽ ആളുകൾക്ക് വിതരണത്തിനായി തയ്യാറാക്കിയിരുന്ന ഭക്ഷണം മുഖ്യമന്ത്രി കഴിച്ചുനോക്കി നിലവാരം ഉറപ്പാക്കി. ദുരിതമേഖലയിൽ ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും വിതരണം ചെയ്തു. മന്ത്രിമാരായ പി.കെ.ശേഖർബാബു, കെ.എൻ. നെഹ്രു, ചെന്നൈ കോർപറേഷൻ കമ്മിഷണർ ഗഗൻസിങ് ബേദി തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

content highlights: tamilnadu chief minister mk stalin visits rain affected areas of chennai