ചെന്നൈ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലങ്ങളിലെ നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചു. തമിഴ്‌നാട്ടിൽ വിക്രവാണ്ടിയിലും നാങ്കുനേരിയിലും പുതുച്ചേരിയിൽ കാമരാജ് നഗറിലുമാണ് 21-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളിലായി 61 പേർ പത്രിക സമർപ്പിച്ചു.
വിക്രവാണ്ടിയിൽ 28 പേരും നാങ്കുനേരിയിൽ 33 പേരും പത്രിക സമർപ്പിച്ചു. വിക്രവാണ്ടിയിലെ ഡി.എം.കെ. സ്ഥാനാർഥി എൻ.പുകഴേന്തി, എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥി മുത്തമിഴ്‌സെൽവൻ, നാങ്കുനേരി കോൺഗ്രസ് സ്ഥാനാർഥി റൂബി മനോഹരൻ, എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥി റെഡ്ഡിയാർപ്പട്ടി വി.നാരായണൻ എന്നിവർ അവസാനദിവസമായ തിങ്കളാഴ്ച പത്രിക സമർപ്പിച്ചു.
പുതുച്ചേരി കാമരാജൻ നഗറിൽ കോൺഗ്രസ് സ്ഥാനാർഥി എ. ജോൺകുമാർ, എൻ.ആർ. കോൺഗ്രസ് സ്ഥാനാർഥി ഭുവനേശ്വരൻ, മക്കൾ മുന്നേറ്റ കോൺഗ്രസ് സ്ഥാനാർഥി വെട്രി സെൽവം എന്നിവർ പത്രിക സമർപ്പിച്ചു.
content highlights: tamilnadu byelection