ചെന്നൈ: ജയലളിതയുടെ മരണശേഷമുള്ള അനിശ്ചിതത്വത്തിൽനിന്ന്‌ പതുക്കെ കരകയറുകയാണ് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ. പാർട്ടിക്കകത്ത് ഭിന്നതകളുണ്ടെന്ന്‌ പരക്കെ പ്രചാരണമുണ്ടെങ്കിലും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ യുക്തമായ ഇടപെടലുകൾ ഇതിനെ പ്രതിരോധിക്കുന്നു. അടുത്തിടെ നാങ്കുനേരി, വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പുകളിലെ വിജയം എ.ഐ.എ.ഡി.എം.കെ. യുടെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഊർജം ഉൾക്കൊണ്ട് പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള തീവ്രശ്രമത്തിലാണ് പളനിസ്വാമി.

വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയെ വിജയത്തിലേക്കു നയിക്കാനുള്ള മുന്നൊരുക്കങ്ങൾ അദ്ദേഹം തുടങ്ങിക്കഴിഞ്ഞു. നാങ്കുനേരി, വിക്രവാണ്ടി വിജയം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പളനിസ്വാമിയെന്ന് പാർട്ടിവൃത്തങ്ങൾ വ്യക്തമാക്കി.

പാർട്ടി ശക്തിപ്പെടുത്താൻ പല വിട്ടുവീഴ്ചകൾക്കും പളനിസ്വാമി തയ്യാറാകുന്നു. ജയലളിതയുടെ മരണശേഷം എ.ഐ.എ.ഡി.എം.കെ.യിൽനിന്ന്‌ പിണങ്ങിപ്പോയ നേതാക്കളെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ഊർജിതപ്പെടുത്തി. അമ്മ മക്കൾ മുന്നേറ്റകഴകം നേതാവ് ടി.ടി.വി. ദിനകരന്റെ അടുത്ത അനുയായി പുകഴേന്തി അടുത്തിടെയാണ് എ.ഐ.എ.ഡി.എം.കെ.യിൽ തിരിച്ചെത്തിയത്. ദിനകരന്റെ പാർട്ടിയിൽനിന്ന്‌ ഇനിയും നേതാക്കൾ വൈകാതെ പഴയ കൂടാരത്തിലെത്തുമെന്നുള്ള പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.

പ്രതിപക്ഷകക്ഷിയായ ഡി.എം.കെ.യിൽ നിന്ന്‌ ചില നേതാക്കൾ എ.ഐ.എ.ഡി.എം.കെ.യിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. സഖ്യകക്ഷികളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയെന്നതാണ് പളനിസ്വാമി സ്വീകരിക്കുന്ന മറ്റൊരുമാർഗം. സഖ്യത്തിലുള്ള ബി.ജെ.പി., പി.എം.കെ., ഡി.എം.ഡി.കെ. പാർട്ടികളുമായി എ.ഐ.എ.ഡി.എം.കെ. ഇപ്പോൾ നല്ല ബന്ധത്തിലാണെങ്കിലും ഇതുകൂടുതൽ ദൃഢപ്പെടുത്താനാണ് പളനിസ്വാമിയുടെ നീക്കം.

ഡിസംബറിൽ നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികൾക്ക്‌ കൂടുതൽസീറ്റ് നൽകും. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ബന്ധം അരക്കിട്ടുറപ്പിക്കാനാണ് തീരുമാനം. ഭരണം ഏറ്റെടുത്ത ആദ്യവേളയിൽ പളനിസ്വാമിക്ക്‌ ജനസമ്മിതി കുറവായിരുന്നു. എന്നാൽ കഴിഞ്ഞ ഒരുവർഷമായി കാര്യമായ മാറ്റമുണ്ട്. ആഗോള നിക്ഷേപകരെ തമിഴ്നാട്ടിലേക്ക് ക്ഷണിക്കുന്നതിനായുള്ള വിദേശയാത്രയും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനു മഹാബലിപുരത്ത് ഒരുക്കിയ വിപുലമായ സ്വീകരണവും പളനിസ്വാമിയുടെ പ്രതിച്ഛായ വർധിപ്പിച്ചു. മികച്ച മുഖ്യമന്ത്രിയെന്ന് ജനങ്ങൾ പറയാൻതുടങ്ങി. പാർട്ടിയുടെ ചുക്കാൻ മുറുകെപ്പിടിക്കാൻ തന്നെയാണ് പളനിസ്വാമിയുടെ തീരുമാനം. പാർട്ടി കോ-ഓർഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ. പനീർസെൽവത്തിന് എ.ഐ.എ.ഡി.എം.കെ.യിൽ മുഖ്യ സ്ഥാനമുണ്ടെങ്കിലും പതുക്കെ അതു മറികടക്കാൻ പളനിസ്വാമി കരുനീക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് പാർട്ടിവൃത്തങ്ങൾ സൂചന നൽകുന്നത്. ജനകീയമായ പല കാര്യങ്ങളിലും പ്രതിപക്ഷമായ ഡി.എം.കെ. ഉണർന്ന്‌ പ്രവർത്തിക്കുന്നില്ലെന്നതും എ.ഐ.എ.ഡി.എം.കെ.യുടെ വളർച്ചയ്ക്ക് വളമായി മാറുന്നു.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്തപരാജയം അമ്മ മക്കൾ മുന്നേറ്റകഴകം നേതാവ് ദിനകരനെ തളർത്തി. ഈ സാഹചര്യം പരമാവധി മുതലെടുക്കാൻ എ.ഐ.എ.ഡി.എം.കെ. ശ്രമിക്കുന്നു. വിക്രവാണ്ടി, നാങ്കുനേരി ഉപതിരഞ്ഞെടുപ്പുകളിലൂടെ ജയലളിതയുടെ അഭാവത്തിൽ വിജയിക്കാനാവില്ലെന്ന സ്ഥിതി എ.ഐ.എ.ഡി.എം.കെ. മറികടന്നു. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ നിലവിൽ എ.ഐ.എ.ഡി.എം.കെ.യുടെ അംഗബലം സ്പീക്കറടക്കം 125 ആണ്. ഇതിൽ മൂന്നുപേർ എ.ഐ.എ.ഡി.എം.കെ. ചിഹ്നത്തിൽ വിജയിച്ച സഖ്യകക്ഷികളാണ്. ഡി.എം.കെ.ക്ക്‌ 100 അംഗങ്ങളാണുള്ളത്.