ചെന്നൈ: പ്രതിഷേധങ്ങൾ ശക്തമായതിനുപിന്നാലെ അഞ്ച്, എട്ട് ക്ലാസുകളിൽ പൊതുപരീക്ഷ നടത്താനുള്ള തീരുമാനം തമിഴ്‌നാട് സർക്കാർ പിൻവലിച്ചു. വിവിധ കോണുകളിൽനിന്നുള്ള അഭിപ്രായങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി കെ.എ. ചെങ്കോട്ടയ്യൻ അറിയിച്ചു. പഴയ രീതിയിൽത്തന്നെ പരീക്ഷകൾ തുടരുമെന്നും മന്ത്രി അറിയിച്ചു.

ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അഞ്ച്, എട്ട് ക്ലാസുകളിൽ പൊതുപരീക്ഷ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. കേന്ദ്ര വിദ്യാഭ്യാസ നയം ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. എന്നാൽ ഇതിനെതിരേ വ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. സർക്കാരിന്റെ ഘടകകക്ഷിയായ പി.എം.കെ.യും ഡി.എം.കെ. ഉൾപ്പെടെ പ്രതിപക്ഷകക്ഷികളും വിവിധ സംഘടനകളും പൊതുപരീക്ഷയ്ക്കെതിരേ രംഗത്തെത്തി. ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് പരീക്ഷ അമിതഭാരമാകുമെന്ന് വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരും വിമർശനമുയർത്തുകയും ചെയ്തു.

പ്രൈമറി ക്ലാസുകളിലേക്കുൾപ്പെടെ കോച്ചിങ് സെന്ററുകൾ മുളച്ചുപൊന്തുന്നതിനെ തീരുമാനം ഉപകരിക്കൂവെന്ന് ഡി.എം.കെ. ആരോപിച്ചു. എതിർപ്പ് വ്യാപകമായതോടെ മൂന്നുവർഷത്തേക്ക് പരീക്ഷയിൽ തോറ്റാലും വിദ്യാർഥികളെ അടുത്ത ക്ലാസിലേക്ക് ജയിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. തീരുമാനവുമായി സർക്കാർ മുന്നോട്ടുതന്നെയാണെന്നായിരുന്നു കഴിഞ്ഞദിവസംവരെയുള്ള സൂചനകൾ. പരീക്ഷയുടെ ടൈംടേബിൾ നേരത്തേ പുറത്തുവിട്ടിരുന്നു.

പരീക്ഷയെയോർത്ത് വിദ്യാർഥികളും മാതാപിതാക്കളും ഭയപ്പെടേണ്ടതില്ലെന്ന് സ്കൂൾ വിദ്യാഭ്യാസ കമ്മിഷണർ സിജി തോമസ് വൈദ്യൻ തിങ്കളാഴ്ച പറഞ്ഞിരുന്നു. ചോദ്യപ്പേപ്പർ തയ്യാറാക്കലുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും കമ്മിഷണർ അറിയിച്ചിരുന്നു. എന്നാൽ ഇതിനുപിന്നാലെയാണ് പരീക്ഷ പിൻവലിക്കാനുള്ള സർക്കാരിന്റെ പെട്ടെന്നുള്ള തീരുമാനം. തീരുമാനത്തെ അധ്യാപകസംഘടനകൾ സ്വാഗതം ചെയ്തു.

തീരുമാനിക്കലും പിൻവലിക്കലും രണ്ടാംതവണ

സ്കൂളുകളിൽ പൊതുപരീക്ഷ നടത്താനുള്ള തീരുമാനം സർക്കാർ പിൻവലിക്കുന്നത് ഇതു രണ്ടാംതവണയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പൊതുപരീക്ഷ നടത്താനുദ്ദേശിച്ച് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കിയിരുന്നു. അതിൽ വിദ്യാർഥികളിൽനിന്ന് പരീക്ഷാ ഫീസ് വാങ്ങണമെന്നും നിർദേശമുണ്ടായിരുന്നു. വാർഷിക പരീക്ഷയോടടുത്ത സമയമായതിനാൽ എതിർപ്പുണ്ടാവുകയും അതേത്തുടർന്ന് പൊതുപരീക്ഷ നടപ്പാക്കാനുമായില്ല. പിന്നാലെയാണ് പുതിയ അധ്യയനവർഷം ആരംഭിച്ചപ്പോൾ, സെപ്റ്റംബറിൽത്തന്നെ പൊതുപരീക്ഷ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്.

ആശയക്കുഴപ്പമായി പരീക്ഷാ സിലബസ്

നിലവിലെ രീതിയിൽനിന്ന് വ്യത്യസ്തമായി പൊതുപരീക്ഷയാക്കി മാറ്റുന്ന മൂന്നാം ടേമിലെ പരീക്ഷയിൽ ആദ്യ മൂന്ന് ടേമിലെയും ചോദ്യങ്ങളുണ്ടാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. പരീക്ഷയ്ക്ക് രണ്ടുമാസം മാത്രം ശേഷിക്കെ, കഴിഞ്ഞയാഴ്ചയാണ് ഈ വിവരം വകുപ്പ് സ്കൂളുകളെ ഔദ്യോഗികമായി അറിയിച്ചത്. പല സ്കൂളുകളും നിലവിലെ രീതിയിൽ അവസാന ടേം പരീക്ഷയ്ക്കായി മാത്രമാണ് വിദ്യാർഥികളെ ഒരുക്കിയിരുന്നത്. ഇതോടെ സ്കൂളുകളുടെ ഭാഗത്തുനിന്നും വ്യാപകമായ പരാതിയുമുയർന്നു. വേണ്ടത്ര ആലോചനകളില്ലാതെ വിദ്യാർഥികളുടെമേൽ സർക്കാർ പൊതുപരീക്ഷ അടിച്ചേൽപ്പിക്കുകയാണെന്ന് പ്രതിപക്ഷവും ആരോപിച്ചു.

സ്‌കൂൾ മാറ്റം, പിൻവലിക്കൽ

ഇതിനിടെ പൊതുപരീക്ഷയെഴുതുന്ന വിദ്യാർഥികളെ അതത് സ്കൂളിൽ പരീക്ഷയെഴുതിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കിയിരുന്നു. വിദ്യാർഥികളെ അധ്യാപകർ സഹായിക്കാൻ സാധ്യതയുണ്ടെന്നും അതൊഴിവാക്കാനാണ് സ്കൂൾ മാറ്റുന്നതെന്നുമായിരുന്നു വിശദീകരണം. എന്നാൽ ഇത് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടാക്കുന്നെന്ന് വ്യാപക പരാതിയുയർന്നു. ഇതേത്തുടർന്ന് മന്ത്രി നേരിട്ട് ഇടപെട്ട് സ്കൂൾമാറ്റമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചു. പരീക്ഷാ തയ്യാറെടുപ്പുകൾക്കായി എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് ദിവസം ഒരു മണിക്കൂർ സ്പെഷ്യൽ ക്ലാസ് നടത്താനും വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിട്ടിരുന്നു. എന്നാൽ എതിർപ്പിനെത്തുടർന്ന് അതും പിൻവലിച്ചു.