ചെന്നൈ: തമിഴ്‌നാട്ടിൽ പുതുതായി ആരംഭിച്ച റാണിപ്പേട്ട്, തിരുപ്പത്തൂർ ജില്ലകൾ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. ഇരു ജില്ലകളിലുമായി 184 കോടി രൂപയുടെ വികസന പദ്ധതികൾക്കും മുഖ്യമന്ത്രി തുടക്കം കുറിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ ജില്ലകളുടെ എണ്ണം 37 ആയി ഉയർന്നു. വെല്ലൂർ ജില്ലയെ വിഭജിച്ചാണ് റാണിപ്പെട്ട്, തിരുപ്പത്തൂർ ജില്ലകൾ രൂപപ്പെടുത്തിയത്.
വെല്ലൂർ, അണൈക്കെട്ട്, കാട്പാടി, ഗുഡിയാത്തം, പെർനംപേട്ട്, കെ.വി.കുപ്പം താലൂക്കുകളാണ് വെല്ലൂർ ജില്ലയ്ക്ക് കീഴിൽ നേരത്തെ ഉണ്ടായിരുന്നത്. വിഭജിക്കപ്പെട്ടപ്പോൾ തിരുപ്പത്തൂർ ജില്ലയ്ക്കു കീഴിൽ തിരുപ്പത്തൂർ, വാണിയമ്പാടി മേഖലകൾ റവന്യൂ ഡിവിഷനുകളായി. തിരുപ്പത്തൂർ, വാണിയമ്പാടി, നാട്ടാംപള്ളി, ആമ്പൂർ താലൂക്കുകൾ ഉൾപ്പെടുന്നതാണ് പുതിയ തിരുപ്പത്തൂർ ജില്ല. റാണിപ്പേട്ട്, ആറക്കോണം റവന്യൂ ഡിവിഷനായുള്ള റാണിപ്പേട്ട് ജില്ലയ്ക്കു കീഴിൽ ആർക്കോട്ട്, നെമ്മിലി, വാലാജാബാദ്, ആറക്കോണം എന്നീ താലൂക്കുകൾ ഉൾപ്പെടും.
ചൊവ്വാഴ്ചയായിരുന്നു കള്ളക്കുറിച്ചി ജില്ലയുടെ ഉദ്ഘാടനം. തെങ്കാശി ജില്ലയാക്കിയത് കഴിഞ്ഞ ആഴ്ചയിലായിരുന്നു. 2019 ജനുവരി വരെ തമിഴ്‌നാട്ടിൽ 32 ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. ജനങ്ങളുടെ ആവശ്യം മാനിച്ചും ഭരണനിർവഹണം എളുപ്പമാക്കുന്നതിനും വേണ്ടിയാണ് കൂടുതൽ ജില്ലകൾ രൂപവത്കരിക്കാൻ സർക്കാർ തീരുമാനിച്ചത്.