ചെന്നൈ: ബി.ജെ.പി.ക്കെതിരേ ഒളിയമ്പുമായി ഡി.എം.ഡി.കെ. ട്രഷറർ പ്രേമലത വിജയകാന്ത് രംഗത്ത്. ചില രാഷ്ട്രീയപ്പാർട്ടികൾ ജനങ്ങളെ വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രേമലത പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ പറഞ്ഞു.
തമിഴ്‌നാട്ടിൽ മാത്രമല്ല, രാജ്യമൊട്ടാകെ ചിലർ ആളുകളെ മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയുമൊക്കെ അടിസ്ഥാനത്തിൽ വിഭജിച്ചു നിർത്താൻ ശ്രമിക്കുന്നുണ്ട്. മറ്റ് പാർട്ടികളെപ്പോലെയോ നേതാക്കളെപ്പോലെയോ അല്ല, ഡി.എം.ഡി.കെ. നേതാവായ വിജയകാന്ത് ഒരുമയുടെ പ്രതീകമായാണ് ജീവിക്കുന്നതെന്ന് അവർ പറഞ്ഞു. എ.ഐ.എ.ഡി.എം.കെ.-ബി.ജെ.പി. സഖ്യത്തിൽ ഉൾപ്പെടുന്ന ഡി.എം.ഡി.കെ.ക്ക് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹമായ സീറ്റുകൾ അനുവദിച്ചില്ലെന്ന് പ്രേമലത നേരത്തേ ആരോപണമുന്നയിച്ചിരുന്നു. ഇത് വിശദീകരിച്ച പ്രേമലത, സഖ്യം സംബന്ധിച്ച വാക്കുകൾ തെറ്റായി വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്ന് പറഞ്ഞു.
ഡി.എം.ഡി.കെ. മുന്നണി മര്യാദകളെ ബഹുമാനിക്കുന്നു. എന്നാൽ സഖ്യത്തിലെ മറ്റു പാർട്ടികളും ഈ മര്യാദ പാലിക്കണം. സഖ്യം തുടരുമെന്നും അവർ അറിയിച്ചു. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്കും സഖ്യത്തിനും വേണ്ടി കഠിനപ്രയത്നം നടത്തണമെന്നും പ്രേമലത പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
വിജയകാന്തിന്റെ നയങ്ങൾ പിന്തുടർന്നാണ് ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെയും കെജ്‌രിവാളിന്റെയും വിജയമെന്ന് പ്രേമലത അവകാശപ്പെട്ടു. ഡി.എം.ഡി.കെ. അധികാരത്തിലെത്തിയാൽ റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചുനൽകുമെന്ന് 2006-ൽത്തന്നെ പ്രഖ്യാപിച്ചിരുന്നു. അതേ വാഗ്ദാനവുമായാണ് കെജ്‌രിവാൾ അധികാരത്തിലെത്തിയത്. എന്നാൽ തമിഴ്‌നാട് ആ അവസരം പാഴാക്കിയെന്നും അവർ കൂട്ടിച്ചേർത്തു. യോഗത്തിൽ വിജയകാന്തും പങ്കെടുത്തു.
Content Highlights: Some try to divide people into communally; Premalatha against BJP