പുതുച്ചേരി: പുതുച്ചേരിയിൽ വീട്ടിലെ എ.സി.ക്കുള്ളിൽ പാമ്പിനെ കണ്ടെത്തി. തേങ്ങാത്തട്ടിൽ സരോജിനി നഗറിലെ ഏഴിമലയുടെ വീട്ടിലെ എ.സി.ക്കുള്ളിൽ മൂന്നു മാസമായി കഴിയുകയായിരുന്ന ചേരയെ ആണ് വനംവകുപ്പ് അധികൃതർ പുറത്തെടുത്തത്.

എ.സി.ക്കുള്ളിൽനിന്ന് അസാധാരണമായ ശബ്ദവും അനക്കവും കേട്ടതിനെത്തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ മെക്കാനിക്കിനെ വിളിച്ചു വരുത്തുകയായിരുന്നു. എ.സി. തുറന്നു പരിശോധിച്ചപ്പോൾ പാമ്പിന്റെ തൊലി കണ്ടു. തുടർന്ന് പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ജീവനക്കാർ എത്തി പാമ്പിനെ പുറത്തെടുത്തു. വിഷപ്പാമ്പ് ആണെന്നാണ് കരുതിയതെങ്കിലും പുറത്തെടുത്തപ്പോൾ ചേരയാണെന്ന് മനസ്സിലായി. തൊലി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പാമ്പ് മൂന്നു മാസമായി എ.സിക്കുള്ളിൽതന്നെ ഉണ്ടായിരുന്നെന്നാണ് കരുതുന്നതെന്ന് വനംവകുപ്പ് ജീവനക്കാർ പറഞ്ഞു. എ.സി. സ്ഥാപിച്ചപ്പോൾ ചുമരിലെ ദ്വാരം അടച്ചിരുന്നില്ല. ഇതു വഴിയായിരിക്കാം പാമ്പ് അകത്തു കടന്നതെന്നാണ് സംശയം.