ചെന്നൈ : തമിഴ്നാട്ടിൽ വി.കെ. ശശികല സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നതായ സൂചന നൽകുന്ന ഫോൺ സംഭാഷണം പുറത്ത്. ശശികല ഒരു പാർട്ടി പ്രവർത്തകനുമായി നടത്തിയെന്ന് പറയപ്പെടുന്ന സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കോവിഡ് വ്യാപനം ശമിക്കുന്നതോടെ എ.ഐ.എ.ഡി.എം.കെ.യിൽ തിരിച്ചെത്തുമെന്ന് പറയുന്ന സ്ത്രീശബ്ദം ശശികലയുടേതാണെന്ന് ടി.ടി.വി. ദിനകരൻപക്ഷ നേതാക്കൾ സ്ഥിരീകരിച്ചു.

കാത്തിരിക്കുകയാണെന്നും തിരിച്ചുവരണമെന്നും പാർട്ടി പ്രവർത്തകൻ ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെടുന്നുണ്ട്. ധൈര്യമായിരിക്കൂ കോവിഡ് വ്യാപനത്തിനുശേഷം ഉടൻ തിരിച്ചെത്തുമെന്നും പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നുമാണ് സ്ത്രീയുടെ മറുപടി.

എ.ഐ.എ.ഡി.എം.കെയിൽ എടപ്പാടി പളനിസ്വാമി - ഒ. പനീർശെൽവം പക്ഷങ്ങൾ തമ്മിലുള്ള ശീതസമരം അവസാനിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ശശികല തിരിച്ചുവരവിന് ഒരുങ്ങുന്നതെന്നാണ് വിവരം. അനധികൃത സ്വത്തുസമ്പാദന കേസിൽ നാലുവർഷത്തെ തടവുശിക്ഷയ്ക്കുശേഷമാണ് ശശികല ജനുവരിയിൽ ജയിൽമോചിതയായത്. ചെന്നൈയിൽ തിരിച്ചെത്തിയ ശശികല രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി മാർച്ചിലാണ് പ്രഖ്യാപിച്ചത്. ഇതിനിടെ ശശികലയ്ക്ക് അനുകൂലമായി പനീർശെൽവം പ്രതികരിച്ചിരുന്നു.

പനീർശെൽവം-പളനിസ്വാമി പക്ഷത്തെ ഒന്നിച്ചു കൊണ്ടുപോകാൻ ശശികല നേതൃത്വത്തിലെത്തണമെന്ന് വാദിക്കുന്നവരും പാർട്ടിയിലുണ്ട്. ബി.ജെ.പി.യുടെ നിലപാടും ശശികലയ്ക്ക് അനുകൂലമാണ്.