പുതുച്ചേരി : ക്രിസ്മസ് പുതുച്ചേരിയില്‍ കാഴ്ചകളുടെ ആഘോഷമാണ്. തെരുവുകളില്‍ തലങ്ങും വിലങ്ങുമായി ഒഴുകി നടക്കുന്ന സഞ്ചാരികള്‍ ക്രിസ്മസ് കാലത്തെ ദൃശ്യങ്ങളെ കൂടുതല്‍ സമ്പന്നമാക്കുന്നു. കടല്‍ക്കരയില്‍ ചുറ്റി നടക്കുന്നവര്‍, അരബിന്ദോ ആശ്രമം കാണാനെത്തുന്നവര്‍ എന്നിങ്ങനെ എല്ലാവരും ഇവിടത്തെ ക്രിസ്മസിന്റെ ഭാഗമാണ്. ഫ്രഞ്ച് ഓര്‍മകള്‍ പാകിയ പഴയ ഹോട്ടലുകള്‍, ഫ്രഞ്ച് ദേവാലയങ്ങള്‍ തിരുപ്പിറവി ആഘോഷത്തില്‍ മുഴുകും.

ക്രിസ്മസ് ആഘോഷിക്കാനും പുതുവത്സര ഷോപ്പിങ്ങിനുമായി പുതുച്ചേരിയില്‍ എത്തുന്നവരും കുറവല്ല. മലയാളികള്‍ അടക്കമുള്ള വലിയൊരു വിഭാഗവും ഇവിടെ ക്രിസ്മസ് കൊണ്ടാടുന്നു. തെരുവുകളിലെ കാഴ്ചകളും സുന്ദരമാണ്. അലങ്കാര സാധനങ്ങള്‍ തുടങ്ങി ക്രിസ്മസ് ആഘോഷിക്കാനുള്ള എല്ലാം തെരുവുകളില്‍ കിട്ടും. ചെറുകിട കച്ചവടക്കാര്‍ക്ക് പോലും ഇത് ചാകരക്കാലമാണ്. ക്രിസ്മസായാല്‍ ദിവസം 1,000 രൂപ മുതല്‍ 10,000 രൂപ വരെ വരുമാനം കിട്ടുമെന്ന് മിഷന്‍ സ്ട്രീറ്റില്‍ പുല്‍ക്കൂടുകള്‍ തയ്യാറാക്കി വില്‍ക്കുന്ന വിജയന്‍ പറയുന്നു.

വിജയനോടൊപ്പം മറ്റ് മൂന്നുപേര്‍കൂടി ജോലിയെടുക്കുന്നുണ്ട്. എല്ലാവര്‍ഷവും വിജയന്‍ ഇത്തരത്തില്‍ പുല്‍ക്കൂടുകള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്നു. പ്ലാസ്റ്റര്‍ ഓഫ് പാരിസും വൈക്കോലും കടലാസുമൊക്കെ ചേര്‍ത്താണ് പുല്‍ക്കൂടുണ്ടാക്കുന്നത്. തുണി കൊണ്ടുണ്ടാക്കുന്ന പുല്‍ക്കൂടുകളുമുണ്ട്. പുല്‍ക്കൂടിന്റെ രൂപം തയ്യാറാക്കിയതിന് ശേഷം പെയിന്റ് അടിച്ചു മനോഹരമാക്കിയാണ് വില്‍ക്കുന്നത്. വഴിയോര കച്ചവടമായതിനാല്‍ തനിക്ക് ഒരു ജി.എസ്.ടി.യും ബാധകമല്ലെന്ന് വിജയന്‍ പറയുന്നു. ക്രിസ്മസ് കാലത്ത് മാത്രമുള്ള ചില സന്തോഷങ്ങളാണിതൊക്കെയെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.