പുതുച്ചേരി: ഇ.വി. രാമസ്വാമിനായ്ക്കരുടെ പ്രതിമ തകര്‍ത്ത സംഭവത്തിലും ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് എച്ച്. രാജയുടെ പ്രസ്താവനയിലും ഇടത് പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. വിവിധയിടങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചു.

ബി.ജെ.പി. നേതാവിന്റെ പ്രസ്താവന തികച്ചും പാര്‍ട്ടിയുടെ ഫാസിസ്റ്റ് മുഖം തുറന്നുകാണിക്കുന്നതാണെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചു. വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐ., യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ., പെരിയാര്‍ ദ്രാവിഡകഴകം തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ യോഗം ചേര്‍ന്ന് പ്രതിഷേധിച്ചു. ത്രിപുരയിലെ സി.പി.എമ്മിന്റെ തോല്‍വി രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചിരിക്കയാണ് സി.പി.എമ്മും സി.പി.ഐ.യും ആരോപിച്ചു.
 
ബി.ജെ.പി. ആക്രമണങ്ങളിലൂടെ തമിഴകവും കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണ്. പെരിയാറിന്റെ പ്രതിമ തകര്‍ക്കുന്ന നിലപാടുമായി ബി.ജെ.പി. മുന്നോട്ട് പോയാല്‍ തമിഴ്‌നാട്ടിലെ എല്ലാ പാര്‍ട്ടികളും ഒരുപോലെ എതിര്‍ക്കും. 'കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും ഇല്ലാത്ത ഇന്ത്യ' എന്ന മോദിയുടെ സ്വപ്‌നം ഒരിക്കലും സാധ്യമാവില്ലെന്നും സി.പി.എം. പറഞ്ഞു. ബി.ജെ.പി. നേതാവ് എച്ച്. രാജയുടെ പ്രസ്താവനയ്‌ക്കെതിേര പുതുച്ചേരിയില്‍ വ്യാപക പ്രതിഷേധയോഗങ്ങള്‍ നടന്നു.