ചെന്നൈ: ആർ.സി. ഇ.പി. കരാർ പല പ്രതീക്ഷകളും അസ്ഥാനത്താകുന്നുണ്ടെന്നും അതിനാൽ ഇന്ത്യ കരാറിൽ ഒപ്പുവെയ്ക്കില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ചെന്നൈയിൽ ശനിയാഴ്ച ജി. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവർ. മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ കൂടുതൽ ചർച്ച നടത്തി സമയം കളയുന്നതിൽ അർഥമില്ല. കരാർ പല മേഖലകളിലും നമ്മുടെ പ്രതീക്ഷയ്ക്ക് അനുകൂലമാവുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

ബാങ്കിങ് മേഖലയുടെ പ്രവർത്തനം കൂടുതൽ സുരക്ഷിതമാക്കാനും അക്കൗണ്ട് ഉടമകളുടെ ആശങ്കകൾ പരിഹരിക്കാനും ആർ.ബി.ഐയുടെ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. പി.എം.സി.ബാങ്ക് തട്ടിപ്പ് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആർ.ബി.ഐയുടെ നിരിക്ഷണവും പ്രവർത്തനവും കൂടുതൽ കർശനമാക്കും. വേണമെങ്കിൽ ഇതു സംബന്ധിച്ച നിയമഭേദഗതികൾ നടത്തും. ഇതിന്റെ ഭാഗമായി ചില ക്രഡിറ്റ് ഏജൻസികളുമായി ചർച്ച നടത്തി. അക്കൗണ്ട് ഉടമകൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ബജറ്റിനെ അടിസ്ഥാനപ്പെടുത്തി മാത്രമുള്ള പ്രശ്നപരിഹാരത്തിൽനിന്ന്‌ പതുക്കെ മാറ്റം വരുത്തിയിട്ടുണ്ട്. അടിയന്തര പ്രശ്‌നങ്ങളിൽ ബജറ്റിൽ അവതരിപ്പിക്കാതെ തന്നെ തീരുമാനങ്ങൾ എടുക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. കോർപ്പറേറ്റ് നികുതി കുറച്ച കാര്യം അതിനുദാഹരണമായി ചൂണ്ടിക്കാട്ടി.

കയറ്റുമതി വർധിപ്പിക്കാൻ കേന്ദ്രം കൂടുതൽ നടപടി സ്വികരിക്കും. സർക്കാർ ഉന്നതതല ഉദ്യോഗസ്ഥർ ജോലികൾ വേഗത്തിൽ പൂർത്തിയാക്കുന്നുണ്ടെന്നും സമൂഹ മാധ്യമങ്ങളിലൂടെ രഹസ്യങ്ങൾ ചോരാതിരിക്കുവാൻ പ്രത്യേക മുൻകരുതലെടുക്കുന്നുണ്ടെന്നും അവർ പറഞ്ഞു. രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായം തകർച്ച നേരിടുന്നത് 2020- ൽ ബി.എസ് 6 വാഹനങ്ങൾക്ക് ജനങ്ങൾ കാത്തിരിക്കുന്നതിനാലാണെന്നും ബി.എസ് .ഫോർ വാഹനങ്ങൾ വിൽപ്പന നടത്താനാവാതെ കെട്ടിക്കിടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.