ചെന്നൈ: ഹൃദ്രോഗ ചികിത്സരംഗത്ത് പുതിയ ചുവടുവെപ്പുമായി മദ്രാസ് മെഡിക്കൽ മിഷനിൽ പുതിയ കോർലാബ്. ചികിത്സാ നടപടികൾ സ്വതന്ത്രവും ശാസ്ത്രീയവുമായി വിലയിരുത്തുന്ന സംവിധാനമാണ് കോർലാബ്. ചികിത്സയിൽ കൂടുതൽ കൃത്യതയുണ്ടാക്കാൻ സഹായിക്കുന്ന മാർഗങ്ങൾ നിർദേശിക്കാൻ കോർലാബിന്റെ പ്രവർത്തനത്തിലൂടെ സാധിക്കും. ശസ്ത്രക്രിയാരഹിത വാൽവ് മാറ്റിവെയ്ക്കൽ പോലെയുള്ള ചികിത്സ നടപടികളിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ ലാബിന്റെ പ്രവർത്തനത്തിലൂടെ സാധിക്കുമെന്ന് മെഡിക്കൽ മിഷൻ ആശുപത്രി അധികൃതർ അറിയിച്ചു.
ലാബിന്റെ ഉദ്ഘാടനം മെഡിക്കൽ മിഷൻ ചെയർമാനും ഓർത്തഡോക്സ് സഭാ മദ്രാസ് ഭദ്രാസാനാധ്യക്ഷനുമായ ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ് നിർവഹിച്ചു. മിഷൻ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. ഒരു കോടിയിലേറെ രൂപ മുതൽ മുടക്കിയാണ് ലാബ് ആരംഭിച്ചത്. അഞ്ച് വർഷം മുമ്പ് ഇൻട്രാവാസ്‌കുലർ ഇമേജിങ്ങിനുള്ള കോർലാബ് ഇവിടെ തുടങ്ങിയിരുന്നു.
കോർലാബിൽ നടത്തുന്ന കണ്ടെത്തലുകൾ രാജ്യാന്തരതലത്തിലുള്ള മെഡിക്കൽ ജേർണലുകളിൽ പ്രസിദ്ധീകരിക്കും. സ്ട്രക്ച്ചറൽ തെറാപ്പിക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യ കോർലാബാണിതെന്ന് മെഡിക്കൽ മിഷൻ ഹൃദ്രോഗ വിഭാഗം ഡയക്ടർ ഡോ.അജിത്ത് മുല്ലശ്ശേരി പറഞ്ഞു. ഇന്റർവെൻഷണൽ കാർഡിയോളജി വിദഗ്ധനും കോട്ടയം സ്വദേശിയുമായ ഡോ.മാത്യു സാമുവൽ കളരിക്കലിന്റെ പേരിലാണ് ലാബ് ആരംഭിച്ചിരുന്നത്. ചികിത്സ മാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള കണ്ടെത്തലുകൾ ആഗോളതലത്തിൽ ഒട്ടേറെയുണ്ടാകുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇത്തരം കണ്ടെത്തലുണ്ടാകുന്നില്ലെന്നും അതിന് കാരണം കോർലാബുകളുടെ അഭാവമാണെന്നും ഡോ. മാത്യു സാമുവൽ അഭിപ്രായപ്പെട്ടു.
തദ്ദേശീയമായി തയ്യാറാക്കിയ കൃത്രിമ വാൽവുകൾ ഉപയോഗിച്ച് രാജ്യത്ത് അഞ്ച് വാൽവ് മാറ്റിവെയ്ക്കൽ ചികിത്സ നടത്തിയപ്പോൾ അതിൽ മൂന്നും മദ്രാസ് മെഡിക്കൽ മിഷനിലായിരുന്നുവെന്ന് സീനിയർ കൺസൾട്ടന്റ് ഡോ.കെ.ശിവകുമാർ പറഞ്ഞു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത വാൽവുകൾക്ക് 20 ലക്ഷം രൂപ വരെ വിലവരുമ്പോൾ തദ്ദേശിയമായി നിർമിച്ച വാൽവിന് 12-14 ലക്ഷം രൂപ ചെലവാകുകയുള്ളു. കൂടുതൽ പേർ ഈ ശസ്ത്രക്രിയ മാർഗത്തെ ആശ്രയിക്കുന്നതോടെ വില വീണ്ടും കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: madras medical mission hospital new Corelab