ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രവിചന്ദ്രന് 15 ദിവസം പരോൾ അനുവദിക്കാൻ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു. രവിചന്ദ്രന്റെ അമ്മ പി. രാജേശ്വരിയുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് ടി. രാജ, ജസ്റ്റിസ് ബി. പുകഴേന്തി എന്നിവരടങ്ങിയ ബെഞ്ചാണ് പരോൾ നൽകാൻ ഉത്തരവിട്ടത്. 30 ദിവസം പരോൾ തേടിയായിരുന്നു രാജേശ്വരി കോടതിയെ സമീപിച്ചത്.

പരോൾ അനുവദിക്കണമെന്ന അഭ്യർഥന ജയിലധികൃതർ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മതിയായ സുരക്ഷ ഏർപ്പെടുത്താൻ കഴിയാത്തതിനാലാണ് പരോൾ അപേക്ഷ തള്ളിയതെന്നായിരുന്നു എതിർസത്യവാങ്മൂലത്തിൽ തമിഴ്‌നാട് സർക്കാർ വിശദീകരിച്ചത്. മുമ്പ് അഞ്ചുതവണ പരോൾ അനുവദിച്ചപ്പോഴും നിബന്ധനകൾ കൃത്യമായി പാലിച്ചത് ചൂണ്ടിക്കാട്ടിയ കോടതി ഒരിക്കൽകൂടി പരോൾ അനുവദിക്കാൻ ഉത്തരവിടുകയായിരുന്നു.

പൊങ്കൽ ഉത്സവകാലം രവിചന്ദ്രൻ കുടുംബത്തോടൊപ്പം ചെലവഴിക്കട്ടേയെന്നും കോടതി അഭിപ്രായപ്പെട്ടു.

രാജീവ് ഗാന്ധിവധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഏഴ് തടവുകാരിൽ ഒരാളാണ് രവിചന്ദ്രൻ. ഇയാളടക്കം ഏഴ് പേരും 28 വർഷമായി ജയിലിൽ കഴിയുകയാണ്. ശിക്ഷയിളവ് നൽകി ഇവരെ മോചിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ ശുപാർശ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഗവർണർ ബൻവാരിലാൽ പുരോഹിത് തീരുമാനമെടുത്തിട്ടില്ല.

Content Highlights: Madras high court grants ordinary leave to life convict Ravichandran