ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായിരുന്ന കരുണാനിധിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അടക്കം ദേശീയതലത്തിലെ പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കും. ഡി.എം.കെ.യുടെ മുഖപത്രമായ മുരശൊലിയുടെ ആസ്ഥാനത്ത് സ്ഥാപിച്ച കരുണാനിധിയുടെ പ്രതിമ അനാച്ഛാദനച്ചടങ്ങിലും നേതാക്കൾ പങ്കെടുക്കും. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് പ്രതിമ അനാച്ഛാദനം. അതിനുശേഷം ചെന്നൈ റോയപ്പേട്ട് വൈ.എം.സി.എ. മൈതാനത്ത് പൊതുസമ്മേളനം നടക്കും.

മമത ബാനർജിയാണ് പ്രതിമ അനാച്ഛാദനം നിർവഹിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി, ആന്ധ്ര മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ്‌ അബ്ദുള്ള തുടങ്ങിയവർക്കും ക്ഷണമുണ്ട്. എന്നാൽ ഔദ്യോഗിക തിരക്കുമൂലം പിണറായി വിജയൻ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വിഭജനത്തെ തുടർന്നുള്ള കശ്മീരിലെ രാഷ്ട്രീയസാഹചര്യത്തിൽ ഫാറൂഖ്‌ അബ്ദുള്ള പങ്കെടുക്കുമെന്ന് ഉറപ്പില്ല. ഇതേസമയം ചന്ദ്രബാബു നായിഡു, വി. നാരായണസാമി എന്നിവർ എത്തുമെന്ന് ഡി.എം.കെ. നേതൃത്വം അറിയിച്ചു.

കോൺഗ്രസ് അടക്കം തമിഴ്‌നാട്ടിലെ പ്രതിപക്ഷകക്ഷികൾ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന നടൻ രജനീകാന്തിനും മക്കൾ നീതി മയ്യം നേതാവ് കമൽഹാസനും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ഇരുവരും പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഡിസംബറിൽ ഡി.എം.കെ. ആസ്ഥാനത്ത് കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങിലേക്കും രണ്ടുപേർക്കും ക്ഷണമുണ്ടായിരുന്നു.