ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൂത്തുക്കുടിയിൽ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി.സഖ്യവും ഡി.എം.കെ - കോൺഗ്രസ് സഖ്യവും വനിതാ സ്ഥാനാർഥികളെ കളത്തിലിറക്കാൻ സാധ്യത. ഡി.എം.കെ. സഖ്യത്തിൽ എം.കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴിയെ മത്സരിപ്പിക്കാനാണ് പാർട്ടി നേതൃത്വം ധാരണയായിട്ടുളളതെന്നറിയുന്നു. എ.ഐ.എ.ഡി.എം.കെ. സഖ്യത്തിൽ ബി.ജെ.പി. തമിഴ്‌നാട് ഘടകം പ്രസിഡന്റ് തമിഴിസൈ സൗന്ദർരാജൻ കളത്തിലിറങ്ങുമെന്നാണ് സൂചന.

തൂത്തുക്കുടി സ്‌റ്റെർലൈറ്റ് പ്ലാന്റ് പൂട്ടണമെന്നാവശ്യപ്പെട്ട് തദ്ദേശവാസികൾ നടത്തിയ സമരത്തിനിടെ പോലീസ് വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ട സംഭവം തൂത്തുക്കുടിയെ ഉലച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇവിടെ തിരഞ്ഞെടുപ്പ് നിർണായകമാവും. അനുയോജ്യരായ സ്ഥാനാർഥികളെ നിർത്തിയില്ലെങ്കിൽ അപകടകരമാണെന്ന് ഇരുസഖ്യങ്ങൾക്കും വ്യക്തമായി അറിയാം.

എ.ഐ.എ.ഡി.എം.കെ. സഖ്യത്തിൽ ബി.ജെ.പിക്ക് അഞ്ച്‌ സീറ്റ് നൽകുമെന്നാണ് ധാരണ. ഇതിൽ തൂത്തുക്കുടിയിൽ തമിഴിസൈയെും കന്യാകുമാരിയിൽ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെയും മത്സരിപ്പിച്ചേക്കും. ബി.ജെ.പി. ദേശീയ സെക്രട്ടറി എച്ച്.രാജ ശിവഗംഗയിലും പാർട്ടി മുൻ സംസ്ഥാന പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ കോയമ്പത്തൂരിലും മത്സരിച്ചേക്കും. തെക്കൻ തമിഴ്‌നാട്ടിൽ നാലു വർഷത്തോളമായി തമിഴിസൈ കാര്യമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

അതേസമയം, കനിമൊഴി തൂത്തുക്കുടിക്കാർക്ക് ഇതിനകം പ്രിയങ്കരിയായി മാറിയിട്ടുണ്ട്. ഗ്രാമസഭകൾ വിളിച്ചുചേർത്തും ചില അവികസിത മേഖലകൾ ദത്തെടുക്കാൻ ശ്രമിച്ചും കനിമൊഴി പ്രവർത്തനം ശക്തിപ്പെടുത്തുന്നുണ്ട്. സ്‌റ്റെർലൈറ്റ് പ്രശ്‌നത്തിൽ കേന്ദ്രസർക്കാരിനോടും എ.ഐ.എ.ഡി.എം.കെ. സർക്കാരിനോടും ജനങ്ങൾക്ക് അതൃപ്‌തിയുളളതിനാൽ അവസരം മുതലാക്കാനാണ് കനിമൊഴിയിലൂടെ ഡി.എം.കെ. ശ്രമിക്കുന്നത്. ഇക്കഴിഞ്ഞ േമയ് 22- നാണ് തൂത്തുക്കുടി കളക്ടറേറ്റിനു മുന്നിൽ സമരം നയിച്ചവർക്കെതിരെ പോലീസ് വെടിവെപ്പ് നടത്തിയത്.