ചെന്നൈ: രാജ്യത്ത് ഹിന്ദിയും സംസ്‌കൃതവും വളർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ഡി.എം.കെ. എം.പി. കനിമൊഴി ആരോപിച്ചു. ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഹിന്ദിയും സംസ്‌കൃതവുമൊഴികെയുള്ള ഭാഷകളുടെ വളർച്ചയ്ക്ക് എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

സർക്കാരിന്റെ എല്ലാ പദ്ധതികൾക്കും ഹിന്ദിയിലാണ് പേരിടുന്നത്. ഇംഗ്ലീഷിൽ പോലും പേരുവെക്കുന്നില്ല. പ്രാദേശിക ഭാഷകളിലേക്ക് ഈ പദ്ധതികളുടെ തർജമയും എത്തിക്കുന്നില്ല.

എല്ലാം ഹിന്ദിയിൽ മതിയെന്ന നിലപാട് സ്വീകരിക്കുന്ന സർക്കാർ തമിഴിനായി പ്രവർത്തിക്കുന്നത് എത്തരത്തിലാണെന്ന് തിരിച്ചറിയാനാകുന്നുണ്ടെന്നും കനിമൊഴി കൂട്ടിച്ചേർത്തു. ഹിന്ദി അടിച്ചേൽപ്പിക്കൽ കേന്ദ്രനയമല്ലെന്നും തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന നടപടിസർക്കാർ സ്വീകരിക്കുന്നുണ്ടെന്നും കഴിഞ്ഞദിവസം കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു.