ചെന്നൈ: ഡി.എം.കെ. മുൻ പ്രസിഡന്റും മുഖ്യമന്ത്രിയുമായിരുന്ന എം. കരുണാനിധിയുടെ മകൾ കനിമൊഴി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന. നിലവിൽ രാജ്യസഭാ എം.പി.യായ കനിമൊഴിയുടെ കാലാവധി ജൂലായിൽ അവസാനിക്കും. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൂത്തുക്കുടിയിൽനിന്ന് കനിമൊഴി മത്സരിക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കനിമൊഴി ആഗ്രഹം പ്രകടിപ്പിച്ചതായി ഡി.എം.കെ. വൃത്തങ്ങൾ അറിയിച്ചു.

തുത്തുക്കുടിയിലെ പ്രാദേശിക നേതാക്കളും കനിമൊഴി മത്സരിക്കുന്നതിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണറിയുന്നത്. 2007-ലാണ് കനിമൊഴി ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2013-ലും രാജ്യസഭാംഗമാകാൻ സാധിച്ചു. കനിമൊഴിയെക്കൂടാതെ മുൻ കേന്ദ്രമന്ത്രിമാരായ ടി.ആർ. ബാലു, ദയാനിധി മാരൻ, എസ്. ജഗദ്‌രക്ഷകൻ, എ. രാജ തുടങ്ങിയവരും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യ്ക്കുവേണ്ടി മത്സരരംഗത്തുണ്ടാവാനാണ് സാധ്യത.