ചെന്നൈ: മനുഷ്യരിലെ നന്മകൾ ആദരിക്കുന്നത് മഹത്തരമാണെന്ന് തമിഴ്‌നാട് സാംസ്കാരികവകുപ്പ് മന്ത്രി കെ. പാണ്ഡ്യരാജൻ. കലാസാംസ്കാരിക സംഘടനയായ ദക്ഷിണയുടെ നേതൃത്വത്തിൽ നടത്തിയ രാമുണ്ണി മേനോൻ അനുസ്മരണവും രാമുണ്ണി മേനോൻ ദേശീയ പുരസ്കാരദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാമുണ്ണിമേനോനിലെ നന്മയുടെ പേരിൽ പുരസ്കാരം ഏർപ്പെടുത്തിയതിനെയും അനുസ്മരണസമ്മേളനം നടത്തിയതിനെയും മന്ത്രി അഭിനന്ദിച്ചു.
വാങ്ങുകയെന്നതിനെക്കാൾ നൽകുകയെന്നതിന് പ്രധാന്യം നൽകണം. ഒരു നഷ്ടവുംകൂടാതെ മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കുന്നതിൽ കാര്യമില്ല. മദർ തെരേസ പറഞ്ഞതുപോലെ വേദനയുണ്ടാകുന്നതുവരെ പ്രവർത്തിക്കാൻ സാധിക്കണം. സമൂഹത്തിനുവേണ്ടി പണം മാത്രമല്ല, സമയവും കഴിവുമൊക്കെ ഒരോരുത്തർക്കും നൽകാനാകുമെന്ന് മന്ത്രി പാണ്ഡ്യരാജൻ അഭിപ്രായപ്പെട്ടു. സന്നദ്ധപ്രവർത്തക ആലീസ് ഗാർഗിന് മന്ത്രി പുരസ്കാരം സമ്മാനിച്ചു. ദക്ഷിണയുടെ വിദ്യാഭ്യാസ പുരസ്കാരം യു.സി.സി. സ്കൂൾവിദ്യാർഥി അനന്തു എം. നായർക്ക് സമ്മാനിച്ചു.
ദക്ഷിണ ചെയർമാൻ ഡോ. സി.ജി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ എസ്.എസ്. പിള്ള അനുസ്മരണപ്രഭാഷണം നടത്തി. സി.ടി.എം.എ. പ്രസിഡന്റ് എം.എ. സലിം, ആശാൻ സ്മാരക അസോസിയേഷൻ പ്രസിഡന്റ് സി.കെ. രവി, ഫെയ്മ തമിഴ്‌നാട് ഘടകം പ്രസിഡന്റ് കെ.വി.വി. മോഹനൻ, ദക്ഷിണ വർക്കിങ് പ്രസിഡന്റ് പി.എൻ. രവി, പ്രസിഡന്റ് എം. പദ്മനാഭൻ, ഡയറക്ടർ ഡോ. വിജയരാഘവൻ എന്നിവർ പ്രസംഗിച്ചു.
ചെന്നൈയിലെ മലയാളി സാംസ്കാരിക, സാമൂഹിക പ്രവർത്തകനായ രാമുണ്ണി മേനോന്റെ അനുസ്മരണാർഥം ദക്ഷിണ നൽകുന്ന മൂന്നാം പുരസ്കാരമായിരുന്നു ആലീസ് ഗാർഗിന് സമ്മാനിച്ചത്. നിർധനരായ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ബാൽ രാഷ്മി സൊസൈറ്റിയുടെ സ്ഥാപകയാണ് ആലീസ് ഗാർഗ്. പുരസ്കാരത്തുക ബാൽ രാഷ്മിയുടെ പ്രവർത്തനത്തിനായി ഉപയോഗിക്കുമെന്ന് ആലീസ് ഗാർഗ് പറഞ്ഞു.