ചെന്നൈ: അമ്മ മക്കൾ മുന്നേറ്റകഴകം നേതാവ് ടി.ടി.വി. ദിനകരന് വൻ തിരിച്ചടിനൽകി ഒരു പ്രധാനനേതാവുകൂടി പാർട്ടി വിട്ടു. എ.എം.എം.എ. ഓർഗനൈസിങ് സെക്രട്ടറിയും മുൻ മന്ത്രിയുമായ ഇസക്കി സുബയ്യയാണ് എ.ഐ.എ.ഡി.എം.കെ.യിൽ ചേരുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ എ.എം.എം.കെ.യിൽനിന്ന് രാജിവെക്കുന്ന രണ്ടാമത്തെ പ്രമുഖനേതാവാണ് സുബ്ബയ്യ. പാർട്ടി പ്രചാരണ സെക്രട്ടറിയായിരുന്ന തങ്കത്തമിഴ്‌സെൽവൻ നാല് ദിവസം മുമ്പാണ് ഡി.എം.കെ.യിൽ ചേർന്നത്.

ദിനകരൻ മറ്റ് നേതാക്കളെ ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇസക്കി സുബ്ബയ്യ പാർട്ടിവിടുന്നത്. ദിനകരൻ ഒരു അഭിമുഖത്തിൽ, വെറും 48 ദിവസം മാത്രം മന്ത്രിയായിരുന്നയാൾ എന്നുതന്നെ പരിഹസിച്ചത് ഏറെ വേദനിപ്പിച്ചുവെന്ന് സുബ്ബയ്യ പറഞ്ഞു. 2011 മേയിൽ അധികാരമേറ്റ ജയലളിത സർക്കാരിൽ നിയമ മന്ത്രിയായിരുന്ന സുബ്ബയ്യയെ രണ്ട് മാസം തികയുന്നതിനുമുമ്പ് തന്നെ ഡി.എം.കെ. നേതാക്കളുമായുള്ള അടുപ്പത്തിന്റെ പേരിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു.

ജയലളിതയുടെ മരണശേഷം ശശികലയ്ക്കൊപ്പംനിന്ന് ഇസക്കി സുബ്ബയ്യ പിന്നീട് ദിനകരന്റെ നേതൃത്വത്തിൽ എ.എം.എം.കെ. രൂപവത്കരിച്ചപ്പോൾ അതിന്റെ ഭാരവാഹിയാകുകയായിരുന്നു. അണികളുടെ ആവശ്യം മാനിച്ചാണ് ഇപ്പോൾ എ.ഐ.എ.ഡി.എം.കെ.യിൽ തിരിച്ചെത്തുന്നതെന്ന് സുബ്ബയ്യ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചെന്നൈ സൗത്ത് മണ്ഡലത്തിൽ എ.എം.എം.കെ. സ്ഥാനാർഥിയായി മത്സരിച്ച ഇസക്കി സുബ്ബയ്യ 29,000-ത്തിൽപ്പരം വോട്ടുകളോടെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

ശനിയാഴ്ച തെങ്കാശിയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ 20,000 ത്തോളം പ്രവർത്തകർ എ.എം.എം.കെ. വിട്ട് എ.ഐ.എ.ഡി.എം.കെ.യിൽ ചേരുമെന്ന് സുബ്ബയ്യ അറിയിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി പനീർശെൽവം എന്നിവർ യോഗത്തിൽ പങ്കെടുക്കും. ദിനകരൻ പാർട്ടി നേതാവാകേണ്ടയാളല്ല, തീവ്രവാദി സംഘടനയുടെ നേതാവാകേണ്ടയാളാണെന്ന് പറഞ്ഞാണ് പ്രചാരണ സെക്രട്ടറി തങ്കത്തമിഴ് ശെൽവൻ കഴിഞ്ഞദിവസം എ.എം.എം.കെ. വിട്ട്‌ ഡി.എം.കെ.യിൽ ചേർന്നത്. കഴിഞ്ഞവർഷം മുൻമന്ത്രി സെന്തിൽബാലാജിയും എ.എം.എം.കെ. വിട്ട് ഡി.എം.കെ.യിൽ ചേർന്നിരുന്നു.