ചെന്നൈ: ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും മഴയെത്തുടർന്ന് റോഡ് അടിപ്പാതകളിലും വീടുകളിലും വെള്ളംകയറി. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ദുരന്തനിവാരണസേന സജ്ജമായിട്ടുണ്ട്. ചെന്നൈ നഗരത്തെ അപേക്ഷിച്ച് നഗരപ്രാന്ത പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്.
താംബരം, സേലയ്യൂർ, മുടിച്ചൂർ, പെരുങ്കളത്തൂർ, പീറ്റർകരണൈ, മടിപ്പാക്കം തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിൽ വെള്ളംകയറി. ഈ പ്രദേശങ്ങളിലെ റോഡുകളിലും സബ്‌വേകളിലും വെള്ളം കയറിയതിനാൽ വാഹന ഗതാഗതത്തെയും ബാധിച്ചു. റോഡ് അടിപ്പാതകളിൽ വെള്ളം നീക്കംചെയ്യാനായി അഗ്‌നിശമന സേന നടപടികൾ ആരംഭിച്ചു. വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് പലരും ബന്ധുവീടുകളിലാണ്.
ഷോളിങ്കനല്ലൂരിലെ സർക്കാർ വൃദ്ധ മന്ദിരത്തിൽ വെള്ളംകയറിയെങ്കിലും അന്തേവാസികളെ മാറ്റി പാർപ്പിക്കാൻ നടപടിയെടുത്തില്ലെന്ന് പരാതിയുണ്ട്.
നഗരപ്രാന്ത പ്രദേശങ്ങളിലെ വെള്ളംകയറിയ വീടുകളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാൻ ഇതുവരെ നടപടികൾ കൈക്കൊണ്ടിട്ടില്ല. വെള്ളം ഒഴുകിപ്പോകാനായി ഈ പ്രദേശങ്ങളിൽ ഓവുചാലുകളുടെ നിർമാണം പൂർത്തിയാക്കിയിരുന്നില്ല. ശക്തമായ ഒരു മഴപെയ്താൽത്തന്നെ ഈ പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അഗ്‌നിശമന സേനയെ സജ്ജമാക്കിയിട്ടുണ്ട്. വെള്ളത്തിൽ അകപ്പെട്ടുപോകുന്നവരെ രക്ഷിക്കാനായി ഫൈബർ ബോട്ടുകളും നീന്തൽ വിഗ്ധരും സംഘത്തിലുണ്ട്. സംസ്ഥാനത്തെ 331 അഗ്‌നിശമനസേനാ സ്‌റ്റേഷനുകളും 24 മണിക്കൂറും പ്രവർത്തന സജ്ജമാണെന്നും അധികൃതർ അറിയിച്ചു.
സഹായത്തിനായി 28554309, 28554311, 28554313, 28554314, 28554376 എന്നീ നമ്പറുകളിൽ വിളിക്കാമെന്ന് രക്ഷാസേന അധികൃതർ അറിയിച്ചു.
content highlights: heavy rain in chennai