ചെന്നൈ : മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിന്റെ 100-ാം വാർഷികം ഡി.എം.കെ. സർക്കാർ ആഘോഷമാക്കിയപ്പോൾ ചടങ്ങ് ബഹിഷ്‌കരിച്ച് മുഖ്യപ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ.

ചരിത്രത്തെ വളച്ചൊടിച്ചാണ് 100-ാം വാർഷികം കണക്കാക്കിയതെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹിഷ്കരിച്ചത്. 1921 നിയമനിർമാണസഭയുടെ ആരംഭമായി കണക്കാക്കാൻ സാധിക്കില്ലെന്ന് എ.ഐ.എ.ഡി.എം.കെ. നേതാക്കൾ വാദിച്ചു.

എല്ലാവർക്കും ഒരേപോലെ വോട്ടവകാശം നൽകി തിരഞ്ഞെടുപ്പ് നടത്തിയ 1937 അടിസ്ഥാനമാക്കിയോ സ്വാതന്ത്ര്യം നേടിയതിന് ശേഷം രൂപവത്കരിച്ച തീയതി അടിസ്ഥാനമാക്കിയോ വേണം വർഷം കണക്കാക്കേണ്ടതെന്നാണ് എ.ഐ.എ.ഡി.എം.കെ.യുടെ പക്ഷം.

ജനപ്രതിനിധികളെ നേരിട്ട് തിരഞ്ഞെടുത്തുകൊണ്ട് ആദ്യമായി ലെജിസ്ലേറ്റീവ് കൗൺസിൽ രൂപവത്കരിച്ചത് 1921-ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ശതാബ്ദി ആഘോഷിച്ചത്. ഇതിൽ തെറ്റില്ലെന്നും ഡി.എം.കെ. നേതാക്കൾ വാദിച്ചു. ഇത് ചരിത്ര മുഹൂർത്തമാണെന്നാണ് മുഖ്യമന്ത്രി സ്റ്റാലിൻ വിശേഷിപ്പിച്ചത്.

സഭയിൽ കരുണാനിധിയുടെ ഛായാചിത്ര അനാച്ഛാദനവും ഇതിനൊപ്പം നടത്തി ചടങ്ങിന് കൊഴുപ്പുകൂട്ടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജയലളിതയുടെ ചിത്രം അനാച്ഛാദനം ചെയ്ത ചടങ്ങ് ഡി.എം.കെ. ബഹിഷ്‌കരിച്ചത് ചൂണ്ടിക്കാട്ടിയാണ് കരുണാനിധിയുടെ ചിത്ര അനാച്ഛാദനം ഒഴിവാക്കിയതിനെ എ.ഐ.എ.ഡി.എം.കെ. ന്യായീകരിച്ചത്.

ഛായാചിത്രം അനാച്ഛാദനംചെയ്ത രാഷ്ട്രപതിയും ചടങ്ങിന് അധ്യക്ഷതവഹിച്ച ഗവർണർ ബൻവാരിലാൽ പുരോഹിതും കരുണാനിധിയെ വാനോളം പുകഴ്ത്തി. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു കരുണാനിധിയുടേതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിച്ച കരുണാനിധി ജനകീയ മുഖ്യമന്ത്രിയായിരുന്നുവെന്ന് ഗവർണർ പറഞ്ഞു. തമിഴ്‌നാട് നിയമനിർമാണസഭയ്ക്ക് മഹത്തായ പ്രവർത്തനചരിത്രമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് നിയമസഭ രാജ്യത്തിന് തന്നെ മാതൃകയായ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് ചടങ്ങിൽ പ്രസംഗിച്ച മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.