ചെന്നൈ: പിറന്നാൾ പാർട്ടിയിൽ ആൺ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച നാലുവിദ്യാർഥിനികളെ കോളേജിൽനിന്ന് പുറത്താക്കി. നാഗപട്ടണം ജില്ലയിൽ മഠത്തിന്റെകീഴിൽ പ്രവർത്തിക്കുന്ന കോളേജിലെ നാല്‌ ബിരുദ വിദ്യാർഥിനികൾക്കെതിരരേയാണ് നടപടി. മയിലാടുതുറയ്ക്കടുത്ത ഗ്രാമത്തിൽ താമസിക്കുന്ന ഒരു വിദ്യാർഥിനിയുടെ വീട്ടിൽ ആറാഴ്ച മുമ്പാണ് പിറന്നാൾ പാർട്ടി നടന്നത്. ഇവിടെവെച്ച് വിദ്യാർഥിനികൾ മദ്യപിക്കുന്ന ദൃശ്യങ്ങൾ പകർത്തി ആരോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഫെയ്‌സ്ബുക്കിലും വാട്ട്‌സാപ്പിലും ഇത് പരന്നതോടെ കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന് കോളേജ് പ്രിൻസിപ്പിൽ 26-ന് യോഗം വിളിച്ചു ചേർത്ത് നാലുവിദ്യാർഥിനികളെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.

ജനുവരി രണ്ടുമുതൽ ഇവർക്ക് കോളേജിലേക്കുള്ള പ്രവേശനത്തിന്‌ വിലക്കേർപ്പെടുത്തി. മഠത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോളേജായതിനാൽ വിദ്യാർഥികൾക്ക് പ്രത്യേക അച്ചടക്കനിർദേശങ്ങൾ നൽകിയിരുന്നുവെന്നും ഇത് ലംഘിക്കപ്പെടുകയും കോളേജിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുകയും ചെയ്തതിനാലാണ് വിദ്യാർഥിനികൾക്കെതിരേ നടപടി സ്വീകരിച്ചതെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

Content Highlights: girls consumed liquor in birthday party, they are expelled from college