ചെന്നൈ: മുൻമന്ത്രി ടി.ആർ. ഇമ്പത്തമിഴൻ ടി.ടി.വി. ദിനകരൻ നേതൃത്വം നൽകുന്ന എ.എം.എം.കെ. വിട്ട് എ.ഐ.എ.ഡി.എം.കെ.യിൽ തിരിച്ചെത്തി. ചെന്നൈ ഗ്രീൻവേസ്ശാലയിലുള്ള വസതിയിലെത്തി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ട് പിന്തുണ അറിയിച്ചു. ഇനിയും കൂടുതൽ പേർ എ.എം.എം.കെ.യിൽനിന്ന് എ.ഐ.എ.ഡി.എം.കെ.യിൽ ചേരുമെന്ന് ഇമ്പത്തമിഴൻ പറഞ്ഞു. ജയലളിതയുടെ നേതൃത്വത്തിലുള്ള മുൻ എ.ഐ.എ.ഡി.എം.കെ. സർക്കാരിൽ (2001-2006) കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.

എം.ജി.ആറിന്റെ കാലത്തെ പ്രധാന നേതാക്കളിൽ ഒരാളായിരുന്ന ആർ. താമരക്കനിയുടെ മകനാണ് ഇമ്പത്തമിഴൻ. ജയലളിതയുമായി തെറ്റിപ്പിരിഞ്ഞ താമരക്കനി ഡി.എം.കെ.യിൽ ചേർന്നപ്പോൾ അച്ഛനെ എതിർത്ത് ശ്രീവില്ലിപ്പുത്തൂർ നിയമസഭാ മണ്ഡലത്തിൽനിന്ന് ഇമ്പത്തമിഴൻ മത്സരിച്ചിരുന്നു. ഒരിക്കൽ സ്വതന്ത്രസ്ഥാനാർഥിയായി ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ട താമരക്കനിയെ ഇമ്പത്തമിഴൻ പരാജയപ്പെടുത്തി. ഇതേതുടർന്നായിരുന്നു ജയലളിത മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.

രാഷ്ട്രീയത്തിൽ അച്ഛനും മകനും രണ്ട് ചേരിയിലായപ്പോൾ സ്വന്തം പേരിന്റെ ഇനീഷ്യൽ ഇമ്പത്തമിഴൻ ഉപേക്ഷിച്ചിരുന്നു. 2006 നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ ഇമ്പത്തമിഴൻ എ.ഐ.എ.ഡി.എം.കെ.വിട്ട് ഡി.എം.കെയിൽ ചേർന്നു. പിന്നീട് 2009-ൽ എ.ഐ.എ.ഡി.എം.കെ.യിൽ തിരിച്ചെത്തുകയായിരുന്നു. ജയലളിതയുടെ മരണത്തെ തുടർന്ന് പാർട്ടി പിളർന്നപ്പോൾ ശശികലയ്ക്കും ദിനകരനുമൊപ്പം നിലയുറപ്പിച്ചു. ദിനകരന്റെ നേതൃത്വത്തിൽ എ.എം.എം.കെ. രൂപവത്കരിച്ചപ്പോൾ അതിൽ സജീവമായി. എന്നാൽ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും എ.എം.എം.കെ. വൻ തോൽവി നേരിട്ടതോടെ പാർട്ടി വിടുകയായിരുന്നു.