
ചെന്നൈ: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ചെന്നൈയിൽ അമ്പതിലേറെ പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ 70 ശതമാനവും കുട്ടികളാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എഗ്മൂറിലെ കുട്ടികളുടെ ആശുപത്രിയിൽ 31 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുള്ളത്. 170-ലധികം പനിക്കേസുകളും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ ആരുടെയുംനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചിരുന്ന രണ്ട് കുട്ടികളുടെനില മെച്ചപ്പെട്ടതായും ഡോക്ടർമാർ അറിയിച്ചു. ആരംഭസമയത്ത് ചികിത്സ നൽകാനായാൽ ഡെങ്കിപ്പനി ഭേദമാക്കാവുന്നതാണ്. പനി ബാധിച്ചാൽ എത്രയുംപെട്ടെന്ന് ചികിത്സ തേടണം. കുട്ടികളിലെ പനി മാതാപിതാക്കൾ ഗൗരവമായെടുക്കണമെന്നും ഡോക്ടർമാർ അറിയിച്ചു.
രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ നൂറിലധികം പേരാണ് പനിബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ച 13 രോഗികളും സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഡെങ്കി സാധ്യതയുള്ളതിനാൽ മിക്ക സ്വകാര്യ ആശുപത്രികളിൽനിന്നും ക്ലിനിക്കുകളിൽനിന്നും പനിബാധിതരെ ഇപ്പോൾ സർക്കാർ ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. ഇത് സർക്കാർ ആശുപത്രികളിൽ രോഗികളുടെ തിരക്ക് വർധിപ്പിച്ചിട്ടുണ്ട്. സ്ഥിതി നേരിടുന്നതിന് സജ്ജമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
content highlights: dengue fever spreads in chennai