ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു ശേഷം കലുഷിതമായ എ.ഐ.എ.ഡി.എം.കെയിൽ വീണ്ടും അസംതൃപ്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തെത്തുടർന്നാണ് അഭിപ്രായവ്യത്യാസം തലപൊക്കിയത്. രണ്ട് അധികാരകേന്ദ്രത്തിനുപകരം പാർട്ടിയെ ഒരാൾ നയിക്കണമെന്ന ആവശ്യവുമായി മധുര നോർത്ത് എം.എൽ.എ. രാജൻ ചെല്ലപ്പ പരസ്യമായി രംഗത്തെത്തി.

പാർട്ടിക്കുളളിൽ പ്രശ്നങ്ങളില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പ്രതികരിച്ചു. എ.ഐ.എ.ഡി.എം.കെ. അപകടത്തിലേക്ക്‌ നീങ്ങുകയാണെന്നും രണ്ട് അധികാരകേന്ദ്രങ്ങളാണ് കാരണമെന്നുമാണ് ശനിയാഴ്ച രാജൻ ചെല്ലപ്പ അഭിപ്രായപ്പെട്ടത്. പനീർസെൽവവും പളനിസ്വാമിയും ജയലളിതയുടെ ഇഷ്ടക്കാരാണ്. ഇതിൽ ആരാണ് മിടുക്കരെന്ന്‌ കണ്ടെത്തി ഒരാൾമാത്രം പാർട്ടിയെ നയിക്കണം.

ഇക്കാര്യം തീരുമാനിക്കാൻ ഉടൻ ജനറൽബോഡി യോഗം വിളിക്കണമെന്നും രാജൻ ചെല്ലപ്പ ആവശ്യപ്പെട്ടു. ഇരട്ടനേതൃത്വം നയിക്കുന്നതിനാൽ പാർട്ടിയിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ കാലതാമസമുണ്ടാകുന്നു. പാർട്ടിയുടെ പല ശക്തികേന്ദ്രങ്ങളും നഷ്ടപ്പെട്ടു. ജയലളിതയെപ്പോലെ ആകർഷക വ്യക്തിത്വമുള്ള നേതാക്കൾ ഇല്ല. അതിനാൽ പാർട്ടി പ്രവർത്തകർ ആശയക്കുഴപ്പത്തിലാണെന്നും രാജൻ ചെല്ലപ്പ വ്യക്തമാക്കി. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ഒമ്പത് എം.എൽ.എ.മാർ പനീർശെൽവത്തിനൊപ്പം ജലളിത സമാധിയിൽ പ്രണാമമർപ്പിക്കാൻ എത്തിയില്ലെന്നും സർക്കാരിന്റെ നിനിൽപ്പിനുതന്നെ കാരണക്കാരായ ഇവരെ ആരാണ് തടഞ്ഞതെന്നും രാജൻ ചെല്ലപ്പ ചോദിച്ചു. എന്നാൽ ആരോപണങ്ങൾ മുഖ്യമന്ത്രി പളനിസ്വാമി നിഷേധിച്ചു. എ.ഐ.എ.ഡി.എം.കെ. കരുത്തുറ്റ പാർട്ടിയായാണ് പ്രവർത്തിക്കുന്നത്. ആഭ്യന്തര പ്രശ്‌നങ്ങളൊന്നും ഇല്ല. ദിനകരന്റെ പാർട്ടിയിൽനിന്ന്‌ പലരും കൂടുമാറി ഇവിടേക്കുവരുന്നു. പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും പലതും വളച്ചൊടിക്കുന്നു. എ.ഐ.എ.ഡി.എം.കെ. അണികളുടെ പാർട്ടിയാണെന്നും നേതാവ് എന്ന വാക്കിന് പ്രസക്തിയില്ലെന്നും പളനിസ്വാമി വ്യക്തമാക്കി.

വിജയിച്ച എം.എൽ.എ.മാർ ജയലളിത സമാധിയിൽ എത്തിയില്ലെന്നതും അദ്ദേഹം നിഷേധിച്ചു. ജയലളിത സമാധിയിൽ നിർമാണ ജോലികൾ നടക്കുന്നതിനാൽ അസൗകര്യങ്ങളുണ്ട്. ചില എം.എൽ.എ.മാർ അവിടെ എത്തിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തനിച്ചു മത്സരിച്ച് 37 സീറ്റ് നേടിയ എ.ഐ.എ.ഡി.എം.കെ. ഇത്തവണ ബി.ജെ.പി.യുമായി ചേർന്ന് മഴവിൽ സഖ്യമുണ്ടാക്കിയെങ്കിലും ഒരുസീറ്റിൽ മാത്രമാണ് വിജയിച്ചത്. ബി.ജെ.പി.യുമായുള്ള സഖ്യം, അധികാര കേന്ദ്രത്തിലെ അവ്യക്തത, ഭരണപരാജയം തുടങ്ങിയവയെല്ലാം പരാജയ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

ജയലളിതയുടെ മരണശേഷമുണ്ടായ ഭിന്നിപ്പിനെത്തുടർന്ന് അകൽച്ചയിലായിരുന്ന ഒ.പി.എസ്.-ഇ.പി.എസ്. പക്ഷങ്ങൾ 2017-ലാണ് ലയിക്കുന്നത്. ഇരുവരുംചേർന്നാണ് തുടർന്ന് ഭരണത്തിലും പാർട്ടിയിലും പിടിമുറുക്കിയിരിക്കുന്നത്.