പുതുച്ചേരി : ലോക്‌സഭ തിരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ കോൺഗ്രസിന് മികച്ചവിജയം. ഡി.എം.കെ. സഖ്യത്തിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി വി. വൈദ്യലിംഗമാണ് വിജയിച്ചത്. പുതുച്ചേരി നിയമസഭ സ്പീക്കറായിരുന്ന വൈദ്യലിംഗം പദവി രാജിവെച്ചാണ് മത്സരിച്ചത്. 16,6689 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വൈദ്യലിംഗത്തിന്റെ ജയം. അദ്ദേഹം 369208 വോട്ടുകൾ നേടിയപ്പോൾ ബി.ജെ.പി. സഖ്യകക്ഷിയായ എൻ.ആർ. കോൺഗ്രസ് സ്ഥാനാർഥി നാരായണസാമി കേശവൻ 2,02,519 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. കമൽഹാസന്റെ മക്കൾ നീതി മയ്യം സ്ഥാനാർഥി എം.എ. എസ്. സുബ്രഹ്മണ്യം 26,727 വോട്ടുകളുമായി മൂന്നാം സ്ഥാനത്തുണ്ട്. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം സ്ഥാനാർഥി തമിഴ്‌മാരന് 3000 ത്തോളം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് മൊത്തം 56.27 ശതമാനം വോട്ടുകൾ നേടിയപ്പോൾ തൊട്ടു പിന്നിലുള്ള എൻ.ആർ.കോൺഗ്രസിന് ലഭിച്ചത് 31.36 ശതമാനം വോട്ടുകളാണ്. പുതുച്ചേരി, യാനം, മാഹി, കാരയ്ക്കൽ മേഖലകൾ അടങ്ങിയതാണ് പുതുച്ചേരി ലോക്‌സഭ മണ്ഡലം.

വൈദ്യലിംഗത്തിന്റെ ജനങ്ങളുമായുള്ള അടുപ്പമാണ് വിജയത്തിന്‌ പ്രധാന കാരണമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. അതേസമയം എൻ.ആർ. കോൺഗ്രസ് സ്ഥാനാർഥി നാരായണസ്വാമി കേശവൻ പുതുമുഖമായിരുന്നു. കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിൽ സർക്കാരുമായി ഗവർണർ കിരൺബേദിയുടെ അധികാരവടംവലിയിൽ വലയുന്ന ജനങ്ങൾക്ക് വിജയം ആശ്വാസമാണെന്നാണ് വിലയിരുത്തൽ.

എന്നാൽ കേന്ദ്രത്തിൽ വീണ്ടും എൻ.ഡി.എ.അ ധികാരത്തിലെത്തുന്നത് കിരൺബേദിയുടെ ശക്തി കൂട്ടാനാണ് സാധ്യതയെന്നുള്ള ഭയവും കോൺഗ്രസ് സർക്കാരിനുണ്ട്. പുതുച്ചേരിയിലെ തട്ടഞ്ചാവടി നിയമസഭ ഉപതിരഞ്ഞെടുപ്പിലും വിജയം സ്വന്തമാക്കിയതോടെ ഡി.എം.കെ.സഖ്യത്തിന് ഇരട്ടിമധുരമായി. ഇവിടത്തെ എൻ.ആർ. കോൺഗ്രസിന്റെ എം.എൽ.എ. അശോക് ആനന്ദ് അഴിമതിക്കേസിൽ പ്രതിയായതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വൈദ്യലിംഗം എം.പി.യായതോടെ വൈകാതെ പുതുച്ചേരിയിൽ പുതിയ നിയമസഭ സ്പീക്കർ സ്ഥാനമേൽക്കും.

Content Highlights: congress with DMK, 2019 Loksbha Elections, tamilnadu