ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ഒന്നോരണ്ടോ സീറ്റിനുവേണ്ടി ഡി.എം.കെ. യുമായുള്ള സൗഹൃദം നശിപ്പിക്കാൻ തയ്യാറല്ലെന്ന് തമിഴ്നാട് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. അഴഗിരി. കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ. സർക്കാരിനെ പരാജയപ്പെടുത്തുക എന്നതാണ് തങ്ങളുടെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അഴഗിരി.
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചാണ് സ്റ്റാലിനുമായി ചർച്ച ചെയ്തത്. ലോക്സഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാലുടൻ ഡി.എം.കെ. യും കോൺഗ്രസും തമ്മിലുള്ള സീറ്റു വിഭജന ചർച്ചകൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പി.യും തമ്മിലുള്ള സഖ്യം സംശയമാണെന്നും ഇക്കാര്യത്തിൽ എ.ഐ.എ.ഡി.എം.കെ. യിൽ ഒരു വിഭാഗത്തിന് അതൃപ്തി ഉണ്ടെന്നും അഴഗിരി പറഞ്ഞു.