ചെന്നൈ: ഉലകനായകനെ നേരിൽ ക്കണ്ടതിന്റെ ആവേശത്തിലായിരുന്നു ശ്രീധന്യ. സിനിമയിൽ മാത്രം കണ്ടിട്ടുള്ള കമൽഹാസനെ നേരിൽകണ്ടാൽ കൊള്ളമെന്ന് ആഗ്രഹം ഇത്രവേഗം സാക്ഷാത്കരിക്കുമെന്ന് കരുതിയിരുന്നില്ല. പ്രതിബന്ധങ്ങളെ അതിജീവിച്ച് സിവിൽ സർവീസ് എന്ന സ്വപ്ന നേട്ടം കൈവരിച്ച ശ്രീധന്യ തന്നെ കാണാൻ താത്‌പര്യം പ്രകടിപ്പിച്ചപ്പോൾ കമൽ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. ചെന്നൈയിൽ നടന്ന കൂടിക്കാഴ്ചയിൽ ശ്രീധന്യയുടെ വീട്ടുവിശേഷങ്ങളും പഠനത്തെ ക്കുറിച്ചുമൊക്കെ കമൽ ചോദിച്ചു.

ആഹ്ലാദത്തോടെ അനുഭവങ്ങൾ പങ്കുവച്ച ശ്രീധന്യയെ അഭിനന്ദിക്കാൻ കമൽ പിശുക്കുകാട്ടിയില്ല. ജോലിയിലും ഭാവിജീവിതത്തിലും നന്മയുണ്ടാകട്ടെയെന്ന് ആശംസിക്കാനും മടിച്ചില്ല. തമിഴക രാഷ്ട്രീയത്തിൽ ഏറെ നിർണായകമായ നാല് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ തിരക്കിനിടയിലായിരുന്നു ശ്രീധന്യയെ കാണാൻ കമൽ സമയം കണ്ടെത്തിയത്. സിവിൽ സർവീസ് പരീക്ഷയിൽ മികച്ചവിജയം നേടിയ മറ്റു ചില വിദ്യാർഥികളുമായും കൂടിക്കാഴ്ച നടത്തി.