ചെന്നൈ: നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ നിലനില്‍ക്കേ ആര്‍.കെ. നഗറില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങി. എ.ഐ.എ.ഡി.എം.കെ. ഔദ്യോഗിക വിഭാഗത്തിനുവേണ്ടി പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനന്‍, വിമതവിഭാഗത്തിനു വേണ്ടി ടി.ടി.വി. ദിനകരന്‍, ഡി.എം.കെ.ക്കുവേണ്ടി മരുത് ഗണേശ് എന്നിവരടക്കം 59 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരേ നടന്‍ വിശാല്‍ നടത്തിയ പ്രതിഷേധങ്ങള്‍ അവഗണിച്ചാണ് അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്.

സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കാനിറങ്ങിയ നടന്‍ വിശാലിന്റെയും ജയലളിതയുടെ സഹോദരിപുത്രി ദീപയുടെയും അടക്കം 73 നാമനിര്‍ദേശ പത്രികകളാണു തള്ളിയത്. സ്ഥാനാര്‍ഥിയായി പിന്താങ്ങിയ പത്തു പേരില്‍ രണ്ടുപേര്‍ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നാണു വിശാലിന്റെ ഹര്‍ജി തള്ളിയത്. ഇവരെ ഭീഷണിപ്പെട്ടുത്തി പിന്‍മാറ്റുകയായിരുന്നുവെന്നാണ് വിശാലിന്റെ ആരോപണം. ഇതേ തുടര്‍ന്ന് ഇരുവരെയും നേരിട്ടു ഹാജരാക്കാന്‍ നിര്‍ദേശിച്ചുവെങ്കിലും വിശാലിന് അതിനു സാധിച്ചില്ല. ഇവരെ കാണാനില്ലെന്ന് വിശാല്‍ അറിയിച്ചു.

പത്രിക തള്ളിയതിനെതിരേ പരാതിയുമായി ദീപയും രംഗത്തു വന്നു. താന്‍ സമര്‍പ്പിച്ച പത്രികയ്‌ക്കൊപ്പമുണ്ടായിരുന്ന രേഖകള്‍ മാറ്റിയെന്നാണ് ദീപയുടെ ആരോപണം. ഇതുസംബന്ധിച്ച് തമിഴ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രാജേഷ് ലക്‌ഹോനിക്കു പരാതി സമര്‍പ്പിച്ചിട്ടുണ്ട്. എടപ്പാടി പളനിസ്വാമി സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിയാണ് ചരടുവലിച്ചതെന്നും ചില ദിവസങ്ങള്‍ക്കു മുന്‍പ് ഇയാള്‍ തന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ദീപ ആരോപിച്ചു. പത്രിക തള്ളിയ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്നു ദീപയും വിശാലും വ്യക്തമാക്കി.

ഒരു വശത്തു വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ മറുവശത്ത് എ.ഐ.എ.ഡി.എം.കെ.യും ഡി.എം.കെ.യെയും തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കമിട്ടു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം എന്നിവര്‍ മധുസൂദനന്റെ പ്രചാരണത്തിനായി രംഗത്തിറങ്ങി. ഇരുവരും ചേര്‍ന്നാണ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്തത്. മണ്ഡലത്തില്‍ പര്യടനവും ആരംഭിച്ചു. നന്മയുള്ളവരായതിനാലാണ് തങ്ങള്‍ക്കു പാര്‍ട്ടി ചിഹ്നവും പേരും കിട്ടിയതെന്ന് പളനിസ്വാമി പറഞ്ഞു. അമ്മയുടെ (ജയലളിത) ഭരണം തുടരുന്നതിനു ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന് പനീര്‍ശെല്‍വം ആഹ്വാനംചെയ്തു.

സ്റ്റാലിന്‍ അടക്കമുള്ള പ്രധാന നേതാക്കള്‍ മണ്ഡലത്തിലെത്തിയില്ലെങ്കിലും ഡി.എം.കെ. സ്ഥാനാര്‍ഥി മരുതു ഗണേഷിനുവേണ്ടിയുള്ള പ്രചാരണവും ആരംഭിച്ചുകഴിഞ്ഞു. സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും വീടുകള്‍തോറും കയറി വോട്ട് തേടുന്നതിനില്‍ സജീവമാണ്. ദിനകരനും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. സഖ്യകക്ഷികളായ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നിവരെ കൂടാതെ സി.പി.എം. സി.പി.ഐ., എം.ഡി.എം.കെ., വി.സി.കെ. തുടങ്ങിയ പ്രതിപക്ഷകക്ഷികളും ഡി.എം.കെ. സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എ.ഐ.എ.ഡി.എം.കെ.യിലെ ഇരുവിഭാഗത്തിനും മറ്റ് ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ല. 21-ന് വോട്ടെടുപ്പും 24-ന് ഫലപ്രഖ്യാപനവും നടക്കും.