ചെന്നൈ: ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ പെരിയാര്‍പ്രതിമയും ഇന്നല്ലെങ്കില്‍ നാളെ തകര്‍ക്കുമെന്ന എച്ച്. രാജയുടെ പരാമര്‍ശം തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ കൊതിക്കുന്ന ബി.ജെ.പി.ക്ക് ചെറിയതോതിലെങ്കിലും തിരിച്ചടിയാകും. പെരിയാറിനെക്കുറിച്ചുള്ള പരാമര്‍ശം രാജയുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് തമിഴ്‌നാട് ബി.ജെ.പി. നേതാക്കള്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും ദ്രാവിഡപാര്‍ട്ടികള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. രാജയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവും അക്രമവും തുടരുകയാണ്.

വെല്ലൂരില്‍ പെരിയാര്‍പ്രതിമ തകര്‍ത്തു. കോയമ്പത്തൂരില്‍ ബി.ജെ.പി.ഓഫീസിനുനേരെ പെട്രോള്‍ബോംബേറുണ്ടായി. രാജ ഫെയ്‌സ്ബുക്ക് താളില്‍നിന്ന് പരാമര്‍ശം നീക്കംചെയ്യുകയും മാപ്പുപറയുകയും ചെയ്‌തെങ്കിലും വലിയ പ്രയോജനമുണ്ടായിട്ടില്ല. ദ്രാവിഡകക്ഷികളെ സംബന്ധിച്ച് പെരിയാര്‍ ആരാധ്യനായ വ്യക്തി എന്നതിലുപരി അവരുടെ വികാരംകൂടിയാണ്. അവിടെയാണ് രാജ കതിനപൊട്ടിച്ച് ഒച്ചപ്പാടും തീപ്പൊരിയുമുണ്ടാക്കിയത്. പെരിയാറിനെതിരേ മുമ്പും രാജ ആരോപണം നടത്തിയിരുന്നു. പെരിയാറിനെ നേരില്‍ക്കണ്ടിരുന്നെങ്കില്‍ ചെരിപ്പുകൊണ്ട് അടിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

പെരിയാറിന്റെ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും ബി.ജെ.പി.യുമായി ഒത്തുപോകുന്നതല്ല. പെരിയാറിന്റെ ആദര്‍ശങ്ങളെ ബഹുമാനിക്കുന്ന പാര്‍ട്ടികളാണ് എ.ഐ.എ.ഡി.എം.കെ.യും ഡി.എം.കെ.യും. ജയലളിത ക്ഷേത്രങ്ങളില്‍പ്പോയി വഴിപാടുനടത്തിയിരുന്നെങ്കിലും പെരിയാറിനെതിരേ സംസാരിച്ചിട്ടില്ല. ഡി.എം.കെ.യാണെങ്കില്‍ പെരിയാറിന്റെ വഴികളിലൂടെ സഞ്ചരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. രാജയുടെ പരാമര്‍ശത്തെ ഇരുപാര്‍ട്ടിയും രണ്ടുവിധത്തിലാണ് സമീപിച്ചിരിക്കുന്നത്.
 
മാപ്പുപറഞ്ഞതിനാല്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്നാണ് ഫിഷറീസ് മന്ത്രി ഡി. ജയകുമാറിന്റെ അഭിപ്രായം. എന്നാല്‍, ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ രാജയെ ഗുണ്ടാചട്ടപ്രകാരം അറസ്റ്റുചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. എ.ഐ.എ.ഡി.എം.കെ.യ്ക്ക് ബി.ജെ.പി.യോട് വിധേയത്വമുണ്ട്.
 
ജയയുടെ മരണശേഷം എ.ഐ.എ.ഡി.എം.കെ.യിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഭരണചക്രം മുന്നോട്ടുകൊണ്ടുപോകാനും മുന്‍നിരയിലുണ്ടായിരുന്നത് ബി.ജെ.പി.യായിരുന്നു. രാജയുടെ പരാമര്‍ശത്തോട് അതൃപ്തിയുണ്ടെങ്കിലും അത് വെട്ടിത്തുറന്ന് പറയാന്‍ അശക്തരാണ് എ.ഐ.എ.ഡി.എം.കെ. പ്രശ്‌നം ഊതിവീര്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അത് അവര്‍ക്കുതന്നെ തിരിച്ചടിയാകും. ഡി.എം.ഡി.കെ.യും സി.പി.എമ്മും രാജയെ നിശിതമായി വിമര്‍ശിച്ചു.

പെരിയാര്‍പ്രതിമയില്‍ തൊട്ടവരുടെ കൈവെട്ടുമെന്നാണ് എം.ഡി.എം.കെ.നേതാവ് വൈകോ മുന്നറിയിപ്പുനല്‍കിയത്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് രാജയുടെ പരാമര്‍ശത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബി.ജെ.പി.യുമായി രജനിക്ക് അടുപ്പമുണ്ടെന്നുള്ള പ്രചാരണം ഏറെനാളായുണ്ട്. ആത്മീയരാഷ്ട്രീയത്തിലൂടെയാണ് തന്റെ യാത്രയെന്നും രജനി വ്യക്തമാക്കിയിട്ടുണ്ട്. പെരിയാര്‍വിവാദം രജനി അറിഞ്ഞതായി നടിച്ചിട്ടില്ല.

എന്നാല്‍, കമല്‍ഹാസന്‍ ഇതില്‍ പ്രതികരിച്ചു. കാവേരി മാനേജ്‌മെന്റ് രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍നിന്ന് ജനശ്രദ്ധ വഴിതിരിച്ചുവിടാനാണ് ശ്രമമെന്നാണ് കമല്‍ അഭിപ്രായപ്പെട്ടത്. രാജയ്‌ക്കെതിരേ നടപടിയെടുക്കുമെന്ന് ബി.ജെ.പി. മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്റെ പ്രതികരണം പ്രശ്‌നം തണുപ്പിക്കാനുള്ള കുറുക്കുവഴി മാത്രമാണ്.
 
അങ്ങനെയാണെങ്കില്‍ ഇതിനുമുമ്പ് പലവട്ടം രാജയ്‌ക്കെതിരേ നടപടിയെടുക്കേണ്ടതായിരുന്നു. കവി വൈരമുത്തു വിവാദനായകനായ ആണ്ടാള്‍ പരാമര്‍ശം കൊഴുപ്പിച്ചതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് രാജയായിരുന്നു. വിജയ് നായകനായ ചിത്രം മെര്‍സല്‍ വിവാദത്തിലായപ്പോഴും രാജ വെറുതേയിരുന്നില്ല. വിജയ് ക്രിസ്ത്യാനിയാണെന്നുവരെ എടുത്തുപറഞ്ഞുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം വിവാദമായിരുന്നു.