ചെന്നൈ : ആര്‍ത്തിരമ്പിവന്ന തിരമാലകള്‍ ജീവനെടുത്തവര്‍ക്കു പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടത്തിയും, കടലില്‍ പാല്‍ ഒഴുക്കിയും ഘോഷയാത്ര സംഘടിപ്പിച്ചും തമിഴകം സുനാമിദുരന്തത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം ആചരിച്ചു. 2004 ഡിസംബര്‍ 26-നുണ്ടായ സുനാമിദുരന്തത്തില്‍ തമിഴ്‌നാട്ടില്‍ ഏഴായിരത്തിലധികം പേര്‍ മരിച്ചിരുന്നു. പലരെയും കാണാതായിട്ടുണ്ട്.
 
സുനാമി കൊടുംഭീകരത സൃഷ്ടിച്ച ചെന്നൈ, കടലൂര്‍, നാഗപട്ടണം, പുതുച്ചേരി തുടങ്ങിയ ഇടങ്ങളില്‍ വിവിധ ചടങ്ങുകളാണ് നടന്നത്. മരിച്ചവര്‍ക്കുളള ആദരസൂചകമായി തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ തിങ്കളാഴ്ച കടലില്‍ ഇറങ്ങിയില്ല. ഫിഷറീസ് മന്ത്രി ഡി.ജയകുമാര്‍ ചെന്നൈയിലും കൈത്തറി മന്ത്രി ഒ.എസ്.മണിയന്‍ നാഗപട്ടണത്തും അഞ്ജലിയര്‍പ്പിച്ചു. കടലൂരും, കന്യാകുമാരിയിലും സമാനമായ ചടങ്ങുകള്‍ നടത്തി.

സുനാമിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നാഗപട്ടണത്ത് രാവിലെ 9.17-ന് ഒരുനിമിഷം മൗനപ്രാര്‍ഥന നടത്തി. ജില്ല കളക്ടര്‍ എസ്.പളനിസ്വാമിയുടെ നേതൃത്വത്തിലാണ് തുടര്‍ന്നുള്ള ചടങ്ങുകള്‍ നടന്നത്. വേളാങ്കണ്ണി പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. മൗന ജാഥയും ഉണ്ടായിരുന്നു. നാഗൂര്‍ ദര്‍ഗയിലും പ്രത്യേക ചടങ്ങുകള്‍ നടത്തി.
 
ദര്‍ഗ വക സ്ഥലത്ത് സുനാമിയില്‍ മരിച്ച നിരവധി പേരെ സംസ്‌കരിച്ചിരുന്നു. ഇവിടെ അഞ്ജലി അര്‍പ്പിക്കാന്‍ ധാരാളം പേര്‍ എത്തിയിരുന്നു. നാഗപട്ടണത്ത് സുനാമി നാശം വിതച്ച 72 ഗ്രാമങ്ങളില്‍ ജനങ്ങള്‍ മരിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ഥന നടത്തി. കാരൈയ്ക്കലിലും, പുതുച്ചേരിയിലും സുനാമി അനുസ്മരണച്ചടങ്ങുകള്‍ നടന്നു. പുതുച്ചേരി കൃഷി മന്ത്രി കമലക്കണ്ണന്‍, ജില്ല കളക്ടര്‍ പി.പാര്‍ഥിപന്‍ തുടങ്ങിയവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. കടലൂരും കന്യാകുമാരിയിലും സമാനമായ ചടങ്ങുകള്‍ നടത്തി.

ചെന്നൈയില്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ പ്രത്യേക പ്രാര്‍ഥന നടത്തി. സുനാമിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ മറീന കടലിലേക്ക് പാല്‍ ഒഴുക്കി വിട്ടു. ചെന്നൈ കാശിമേട് തീരത്തും പ്രത്യേക പ്രാര്‍ഥനകളും മൗന ജാഥയും സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി സംഘടനകള്‍ പ്രത്യേക അനുശോചന യോഗങ്ങള്‍ നടത്തി.

തമിഴ്‌നാട്ടില്‍ സുനാമി നാശം വിതച്ച പ്രധാന ഇടങ്ങളിലൊന്നായിരുന്നു ചെന്നൈയും നാഗപട്ടണവും. ചെന്നൈയിലെ മറീനാകടല്‍ക്കരയില്‍ നൂറു കണക്കിന് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. തമിഴ്‌നാട്ടില്‍ മാത്രം ഏഴായിരത്തിലധികം പേര്‍ സുനാമിയില്‍ മരിച്ചതായാണ് കണക്ക്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു.