ചെന്നൈ : ചെന്നൈ കോര്‍പ്പറേഷനിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ചെന്നൈയിലെ ആദ്യ വനിതാ മേയര്‍ ഓര്‍മകളില്‍ നിറയുന്നു. ചെന്നൈ അടക്കം ആറു കോര്‍പ്പറേഷനുകളില്‍ മേയര്‍ സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്യാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചതായി സൂചന ഉയര്‍ന്നിട്ടുള്ളതും ആദ്യ വനിതാമേയറെ ഓര്‍ക്കാന്‍ കാരണമാവുന്നു.

താരാ ചെറിയാനാണ് ചെന്നൈ കോര്‍പ്പറേഷന്റെ ആദ്യ വനിതാ മേയര്‍. 1957 ലാണ് താര അന്നത്തെ മദ്രാസ് കോര്‍പ്പറേഷന്‍ മേയറായത്. കോര്‍പ്പറേഷന്‍ പരിധിയിലുള്ള സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാന്‍ പ്രത്യേകം ഫണ്ട് വകയിരുത്തിയത് താര മേയറായ കാലത്താണ്. താരയുടെ ഭര്‍ത്താവും മലയാളിയുമായ പി.വി. ചെറിയാനും മദ്രാസ് കോര്‍പ്പറേഷന്‍ മേയറായിരുന്നു. 1949 ലാണ് ചെറിയാന്‍ മേയര്‍ സ്ഥാനം വഹിച്ചത്.
 
ചെറിയാന്‍ പിന്നീട് മഹാരാഷ്ട്ര ഗവര്‍ണറായി. താരാ ദേവിയെന്ന താരയുമായി ചെറിയാന്റേത് രണ്ടാം വിവാഹമായിരുന്നു. മദ്രാസിലെ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ റാവു ബഹദൂര്‍ ഡാനിയല്‍ ഐസക് യേശുദാസന്റെ മകളായിരുന്നു താര. 1967-ല്‍ താരാ ചെറിയാനെ രാഷ്ട്രം പത്മഭൂഷന്‍ നല്‍കി ആദരിച്ചു. 2,000 നവംബറില്‍ 87-ാം വയസ്സിലാണ് താരാ ചെറിയാന്‍ മരിച്ചത്.

ഇക്കാലത്തിനിടയില്‍ രണ്ടേ, രണ്ട് വനിതകളേ ചെന്നൈ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം വഹിച്ചിട്ടുള്ളൂ. 1971-ല്‍ മേയറായ കാമാക്ഷി ജയരാമനാണ് രണ്ടാമത്തെ വനിത. ഡി.എം.കെയാണ് കാമാക്ഷിയെ മേയറായി നിയോഗിച്ചത്. മേയര്‍ സ്ഥാനത്തേക്ക് നേരിട്ടുള്ള തിരഞ്ഞെടുപ്പ് ജയലളിത സര്‍ക്കാര്‍ വേണ്ടെന്നു വെച്ചത് അടുത്തിടെയാണ്. തിരഞ്ഞെടുക്കപ്പെടുന്ന കൗണ്‍സിലില്‍ നിന്നായിരിക്കും ഇനിയങ്ങോട്ട് മേയറെ തിരഞ്ഞെടുക്കുക.