ചെന്നൈ: സംസ്ഥാനത്ത് രക്തദാതാക്കളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ എച്ച്.ഐ.വി. ബാധ കണ്ടെത്തിയ 12 ശതമാനത്തോളം പേരെ ഇതേക്കുറിച്ച് അറിയിക്കാൻ സാധിച്ചില്ലെന്ന് തമിഴ്‌നാട് സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി.

2015-മുതൽ മൂന്ന് വർഷം സർക്കാർ ആശുപത്രി മുഖേന രക്തം നൽകിയവരിൽ 183 പേരിൽ എച്ച്.ഐ.വി. ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 23 പേരെ ഇതേക്കുറിച്ച് അറിയിക്കാൻ സാധിച്ചിട്ടില്ല. പ്രതിവർഷം നാല് ലക്ഷത്തോളം പേരാണ് രക്തം ദാനം ചെയ്യുന്നത്. ഒട്ടേറെ പേർ പങ്കെടുക്കുന്ന ക്യാംമ്പുകൾ മുഖേന സ്വീകരിക്കുന്ന രക്തം പിന്നീട് പരിശോധിച്ച് എച്ച്.ഐ.വി. ബാധ കണ്ടെത്തിയാലും അറിയിക്കാൻ കഴിയുന്നില്ല.

ക്യാംമ്പിൽ പങ്കെടുക്കുന്നവർ നൽകുന്ന മേൽവിലാസം, ഫോൺ നമ്പർ തുടങ്ങിയവ കൃത്യമല്ലാത്തതിനാലാണ് അറിയിക്കാൻ കഴിയാതെ വരുന്നതെന്നും സൊസൈറ്റി അധികൃതർ പറഞ്ഞു. സാത്തൂരിൽ സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച ഗർഭിണിക്ക് എച്ച്.ഐ.വി. ബാധ കണ്ടെത്തിയിരുന്നു. രാമനാഥപുരം സ്വദേശിയായ യുവാവിന്റെ രക്തമായിരുന്നു ഇവർക്ക് നൽകിയത്. രണ്ട് തവണ രക്തദാനം നടത്തിയിട്ടും എച്ച്.ഐ.വി. ബാധ യുവാവിനെ അറിയിക്കാൻ സാധിച്ചിരുന്നില്ല.