ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിക്കുന്നത് മുൻനിർത്തി തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിലും പുതുച്ചേരിയിലും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. വ്യാഴാഴ്ച രൂപംകൊണ്ട ന്യൂനമർദം 24 മണിക്കൂറിനുള്ളിൽ കരുത്താർജിക്കുമെന്നും രണ്ട് ദിവസത്തിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.

ഫാനി എന്ന പേരിലറിയപ്പെടുന്ന ചുഴലിക്കാറ്റ് തിങ്കളാഴ്ച തീരംകടന്ന് കരയിലേക്ക് പ്രവേശിക്കുമെന്നാണ് കരുതുന്നത്. തമിഴ്‌നാടും പുതുച്ചേരിയും കൂടാതെ ആന്ധ്രയുടെ തെക്കൻ മേഖലയെയും കാറ്റ് ബാധിക്കും. കേരളത്തെ ബാധിക്കില്ല.

ന്യൂനമർദം തീവ്രമാകുന്നതിന്റെ ഫലമായി അടുത്ത രണ്ടുദിവസം തമിഴ്‌നാട്ടിലെ തീരദേശങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്.

തഞ്ചാവൂർ, പുതുക്കോട്ട, കാരയ്ക്കൽ, നാഗപട്ടണം എന്നിവിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചെന്നൈ അടക്കമുള്ള മറ്റ് തീരദേശ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഏപ്രിൽ 30 വരെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശക്തമായ മഴയുടെ അകമ്പടിയോടെ വീശാൻ സാധ്യതയുള്ള ഫാനി ചുഴലിക്കാറ്റ് മണിക്കൂറിൽ 115 കിലോമീറ്റർ വരെ വേഗമാർജിക്കും. ഞായറാഴ്ച 90 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റ് കരയിലേക്ക് പ്രവേശിക്കും.

ആറ്്‌ മാസത്തിനുള്ളിൽ തമിഴ്‌നാട്ടിൽ വീശുന്ന രണ്ടാമത്തെ ചുഴലിക്കാറ്റായിരിക്കും ഫാനി. നവംബറിൽവീശിയ ഗജ ചുഴലിക്കാറ്റിൽ 45 പേർ മരിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ കൃഷിനാശവും വീടുകൾക്കും കെട്ടിടങ്ങൾക്കും നാശവുമുണ്ടായി.

ഗജ ചുഴലിക്കാറ്റ് നാശം വിതച്ച നാഗപട്ടണം, തഞ്ചാവൂർ, പുതുക്കോട്ട തുടങ്ങിയ ജില്ലകളിലായിരിക്കും അടുത്തദിവസങ്ങളിൽ കനത്ത മഴയുണ്ടാകുക. ചെന്നൈയ്ക്കും നാഗപട്ടണത്തിനും ഇടയിലായിരിക്കും ചുഴലിക്കാറ്റ് വീശുകയെന്നായിരുന്നു കണക്കുകൂട്ടൽ.

എന്നാൽ കാറ്റ് ശക്തിപ്രാപിക്കുന്നതിന് അനുസരിച്ച് ദിശമാറാനും സാധ്യതയുണ്ട്. അതിനാൽ ചെന്നൈ അടക്കമുള്ള തമിഴ്‌നാടിന്റെ വടക്കൻ തീരദേശജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്.

Content Highlights:  fani cyclone in tamilnadu, chance for heavy rain