ചെന്നൈ: ഫാനി ചുഴലിക്കാറ്റിനെ നേരിടാൻ അതിജാഗ്രതയിൽ തമിഴ്‌നാട്. ദുരിതമുണ്ടായാൽ നേരിടാൻ എല്ലാവിധ മുൻകരുതൽനടപടികളും സ്വീകരിച്ചുകഴിഞ്ഞുവെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ദേശീയ,സംസ്ഥാന ദുരന്തനിവാരണസേന അടക്കം സജ്ജമാണ്. ദുരിതാശ്വാസക്യാംപുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ സേനാ മേധാവി കെ. സത്യഗോപാൽ അറിയിച്ചു. എല്ലാ ജില്ലകളിലും കളക്ടർമാരുടെ നേതൃത്വത്തിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചു.

കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചെന്നൈതീരത്തുനിന്ന് 1,490 കിലോമീറ്റർ ദൂരത്തിലാണ് നിലകൊള്ളുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. ന്യൂനമർദം തിങ്കളാഴ്ച ഫാനി ചുഴലിക്കാറ്റായി മാറുമെന്നും അടുത്ത ദിവസം തമിഴ്‌നാട്തീരം കടക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതോടനുബന്ധിച്ച് തമിഴ്‌നാട്ടിലും കേരളത്തിലും വ്യാപകമായി മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണം കേന്ദ്രം അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ ഉടനീളം ജാഗ്രതാനിർദേശവും നൽകിയിരുന്നു. മേയ് ഒന്നുവരെ മത്സ്യത്തൊഴിലാളികൾ കടലിൽപോകുന്നത് വിലക്കിയിട്ടുണ്ട്.

ചുഴലിക്കാറ്റിനെ നേരിടാനുള്ള നടപടികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. സംസ്ഥാന ദുരന്തനിവാരണസേനയെ കൂടാതെ ദേശീയ ദുരന്തനിവാരണസേനയുടെ ആറ്്‌ സംഘങ്ങൾ സജ്ജമാണ്. ചെന്നൈയിൽ രണ്ടുസംഘവും ആർക്കോണത്ത് നാലുസംഘവുമാണുള്ളത്. ഇതുകൂടാതെ സംസ്ഥാനത്തെ നാലായിരത്തിലേറെ ദുരിതസാധ്യതയുള്ള സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ അടക്കമുള്ള ക്രമീകരണങ്ങളുണ്ടാകും. മിക്കയിടങ്ങളിലും ക്യാംപുകൾ തയ്യാറാണ്. ബാക്കിയുള്ളയിടങ്ങളിൽ ഉടൻ ക്രമീകരിക്കാൻ ജില്ലാകളക്ടർമാർക്ക്‌ നിർദേശം നൽകിയിട്ടുണ്ട്.

മരങ്ങൾ കടപുഴകിവീണാൽ ഉടൻതന്നെ വെട്ടിമാറ്റാൻ പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും അവശ്യസാധനങ്ങൾ എത്തിക്കാൻ സിവിൽ സപ്ലൈസ് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് കൂടുതൽ ബാധിക്കുമെന്ന് കരുതുന്ന ജില്ലകളിൽ കൂടുതൽ സാധനങ്ങൾ സൂക്ഷിക്കണമെന്നാണ് നിർദേശം. ദുരന്തമുണ്ടായാലും കുടിവെള്ളവിതരണം മുടങ്ങാതിരിക്കാൻ എല്ലാ ടാങ്കുകളും മുഴുവൻ ശേഷിയിൽ നിറയ്ക്കാനും നിർദേശിച്ചുവെന്ന് സത്യഗോപാൽ അറിയിച്ചു.

Content Highlights: fani cyclone in tamilnadu,