ചെന്നൈ: ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഡി.എം.കെ. സ്ഥാനാര്‍ഥിപ്രഖ്യാപനം ഒരുദിവസത്തേക്കു നീട്ടി. ഇന്നലെ നടത്തുമെന്നറിയിച്ചിരുന്ന പ്രഖ്യാപനം ഇന്ന് രാവിലെയുണ്ടാകുമെന്നാണു പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിന്‍ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു സംബന്ധിച്ചു കോണ്‍ഗ്രസടക്കമുള്ള സഖ്യകക്ഷികളുടെ നേതാക്കളുമായി സ്റ്റാലിന്‍ ചര്‍ച്ചനടത്തി. കോണ്‍ഗ്രസ് കൂടാതെ മുസ്ലിം ലീഗ്, മനിതനേയമക്കള്‍ കക്ഷി തുടങ്ങിയ പാര്‍ട്ടികളാണു ഡി.എം.കെ. സഖ്യത്തിലുള്ളത്.

കഴിഞ്ഞ മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയ്‌ക്കെതിരേ മത്സരിച്ച ഷിംല മുത്തുചോഴനടക്കമുള്ളവരാണ് ഡി.എം.കെ. സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുള്ളത്. ശശികലയുടെ 'ബിനാമി' ഭരണത്തിന് അവസാനം കാണുന്നതിനു ഡി.എം.കെ.യെ പിന്തുണയ്ക്കണമെന്ന് മറ്റു പ്രതിപക്ഷ പാര്‍ട്ടികളോട് സ്റ്റാലിന്‍ അഭ്യര്‍ഥിച്ചിരുന്നു.
 
ഇതേക്കുറിച്ചാലോചിക്കുമെന്നു ജനക്ഷേമമുന്നണിയില്‍ ഉള്‍പ്പെടുന്ന വി.സി.കെ. പ്രതികരിച്ചിരുന്നുവെങ്കിലും ഇവരുടെ സഖ്യകക്ഷികളായ സി.പി.എമ്മും സി.പി.ഐയും അനുകൂലനിലപാടെടുത്തിട്ടില്ല.