ചെന്നൈ: അസുഖ ബാധിതനായി അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന ഡി.എം.ഡി.കെ. നേതാവ് വിജയകാന്ത് കുടുംബത്തിനൊപ്പം വിവാഹവാർഷികം ആഘോഷിക്കുന്ന ചിത്രം പുറത്തു വന്നത് അണികൾക്ക് ആശ്വാസമേകി. ചികിത്സയ്ക്കായി വിജയകാന്ത് ഒരു മാസത്തോളമായി അമേരിക്കയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപൂണ്ടിരിക്കെയാണ് അവിചാരിതമായി ചിത്രവും വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നത്. 29-ാം വിവാഹവാർഷികത്തിന്റെ ഭാഗമായി മുറിച്ച കേക്ക് ഭാര്യ പ്രേമലത വിജയകാന്തിന് നൽകുന്നതുൾപ്പെടെയുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. മകൻ ഷൺമുഖ പാണ്ഡ്യനും കൂടെയുണ്ട്.

കഴിഞ്ഞ മൂന്നുവർഷമായി അസുഖത്തിന്റെ പിടിയിലായ വിജയകാന്ത് ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമല്ല. ഇടയ്ക്കിടെ അമേരിക്കയിലും സിങ്കപ്പൂരിലും ചികിത്സയ്ക്ക് പോകുന്നുണ്ട്. അടുത്തിടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. 2005-ലാണ് വിജയകാന്ത് ഡി.എം.ഡി.കെ. തുടങ്ങിയത്. പൊടുന്നനെയായിരുന്നു വളർച്ച. നിയമസഭയിൽ മുഖ്യപ്രതിപക്ഷമാകാൻ വരെ ഡി.എം.ഡി.കെ.ക്ക്‌ അധികം കാലതാമസം വേണ്ടിവന്നില്ല. എന്നാൽ പാർട്ടിയുടെ പതനവും പെട്ടെന്നായിരുന്നു.