ചെന്നൈ: ഒരു കുടുംബത്തിന്റെയാകെ സന്തോഷം കെട്ടണഞ്ഞ ദാരുണസംഭവമായിരുന്നു കഴിഞ്ഞദിവസം പാലവാക്കം ബീച്ചിൽ തിരയിൽപ്പെട്ടുണ്ടായ യുവതിയുടെ മരണം. വിവാഹവാർഷികം ആഘോഷമാക്കാനെത്തിയ ദമ്പതിമാർ പോലീസിന്റെ മുന്നറിയിപ്പുണ്ടായിരുന്നിട്ടും തിര വകവെക്കാതെ കടലിലിറങ്ങുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. ഈ സംഭവം ദാരുണ ഓർമയായി മുമ്പിൽനിൽക്കുമ്പോഴും യാതൊരുവിധ സുരക്ഷാവിധികളും പാലിക്കാതെ കടലിലിറങ്ങുന്ന നൂറുകണക്കിനുപേരെയാണ് ഞായറാഴ്ച മാത്രം മറീന ബീച്ചിൽക്കണ്ടത്.
പ്രായഭേദമില്ലാതെ കുട്ടികളും അവരെ ഗുണദോഷിക്കേണ്ട മുതിർന്നവരും വയോധികർപോലും കടലിൽ തിരയിലിറങ്ങി ഫോട്ടോകളെടുക്കുന്നുണ്ടായിരുന്നു. കേവലം കൗതുകം എന്നതിനപ്പുറം ആ ഫോട്ടോകൾക്ക് പ്രസക്തികുറവാണെങ്കിലും പലപ്പോഴും നിൽക്കുന്ന വെള്ളത്തിന് ജീവന്റെ വിലയുണ്ടെന്ന് ആളുകൾ തിരിച്ചറിയുന്നില്ല. പ്രവചിക്കാനാവാത്ത കടലിന്റെ സ്വഭാവമാറ്റം എല്ലാവർക്കും അറിവുള്ളതാണെങ്കിലും കടൽക്കരയിൽ അതിന്റെ അച്ചടക്കം പാലിക്കുന്നവർ വിരളമാണ്. മറീന ബീച്ചുപോലെ നീളമുള്ള ഒരു ബീച്ചിൽ പലയിടങ്ങളിലും കടൽത്തീരത്തിന് പല സ്വഭാവമാണെന്ന് സമീപത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികൾ പറയുന്നു. കാലാവസ്ഥയ്ക്കനുസരിച്ച് അതിന് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. എന്നാൽ, ഇത് ആളുകൾ മനസ്സിലാക്കുന്നില്ല. എത്ര ദുരന്തങ്ങളുണ്ടായാലും പോലീസ് സക്രിയമായി സന്ദർശകരെ നിയന്ത്രിക്കുന്നില്ലെന്നും അവർ പറയുന്നു.
ദീപാവലി, പൊങ്കൽ പോലെയുള്ള വിശേഷസമയങ്ങളിൽ പോലീസ് കടൽക്കരയിൽ ആളുകൾ ഇറങ്ങുന്നത് തടയുന്നതിനായി വേലികൾ സ്ഥാപിക്കാറുണ്ട്. നിരീക്ഷണ ടവറുകളും മറ്റും സ്ഥാപിച്ചും തുടർ പട്രോളിങ് നടത്തിയും ആളുകളെ കൃത്യമായി നിരീക്ഷിക്കാറുമുണ്ട്. അടുത്തിടെ കടൽക്കരയിൽ മണലിലൂടെ സഞ്ചരിക്കുന്നതിന് നാലുചക്രമുള്ള പട്രോളിങ് വാഹനം പോലീസ് വാങ്ങിയിരുന്നു. എന്നാൽ, ഉത്സവകാലമല്ലാത്ത, സാധാരണ സമയങ്ങളിൽ സന്ദർശകരുടെ മേലുള്ള പോലീസിന്റെ ഇടപെടൽ ഫലപ്രദമാകാറില്ല. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെ ആളുകൾ അവഗണിക്കുകയാണ് പതിവ്. മുങ്ങിമരണങ്ങളുടെ എണ്ണത്തിൽ മറീന ബീച്ചും ഒട്ടും പിന്നിലല്ല. അപകടങ്ങൾ ഒഴിവാക്കാൻ ആളുകളുടെ സഹകരണം അത്യാവശ്യമാണെന്ന് മറീനയിലെ പോലീസുദ്യോഗസ്ഥരും പറയുന്നു. മറീനയിലേത് ഒറ്റപ്പെട്ട കാഴ്ചയല്ല, ബസന്ത് നഗറിലും തിരുവാൺമിയൂരിലും ഇ.സി.ആറിലെ ബീച്ചുകളിലും ഇതുതന്നെയാണ് സ്ഥിതി. മുൻകരുതൽ സ്വീകരിക്കേണ്ടത് പ്രാഥമികമായി നമ്മൾതന്നെയാണ്.