ചെന്നൈ: മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചപ്പോൾ അഭിമാനിക്കുന്ന ചെന്നൈയിലെ മലയാളികൾക്കിടയിൽ അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങളേറ്റ് വളർന്ന രണ്ടുപേരുണ്ട്; കൊച്ചുമക്കളായ ഗൗരിയും രേവതിയും.
അക്കിത്തത്തിന്റെ മൂത്തമകൾ പാർവതിയുടെ മകൾ ഗൗരി സകുടുംബം പുഴുതിവാക്കത്താണ് താമസം. രണ്ടാം മകൾ ഇന്ദിരയുടെ മകളായ രേവതിയും കുടുംബവും വേളാച്ചേരിയിൽ താമസിക്കുന്നു. സാഹിത്യരംഗത്തെ അതികായനെന്നതിനപ്പുറം സ്നേഹനിധിയായ മുത്തച്ഛനെക്കുറിച്ച് ഇവർക്ക് പറയാനേറെയുണ്ട്.
അച്ഛന്റെ വീടായ ചെർപ്പുളശ്ശേരിയിലായിരുന്നു ഗൗരി പഠിച്ചുവളർന്നത്. ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ മുതൽ അവധിക്കാലമെത്തുമ്പോൾ മുത്തച്ഛനെ കാണാൻ ഓടിയെത്തുമായിരുന്നു. അവധിക്കാലം ചെലവഴിക്കാൻ എത്തുന്ന കൊച്ചുമക്കളെയും കൂട്ടി അദ്ദേഹം കൃഷിപ്പണിക്കിറങ്ങും. തലയിൽ ഒരു കെട്ടുമായി കവുങ്ങിൻതോട്ടത്തിൽ ചാലുകീറുന്ന മുത്തച്ഛൻ എല്ലാം തികഞ്ഞ ഒരു കൃഷിക്കാരൻകൂടിയായിരുന്നെന്ന് ഗൗരി പറയുന്നു. മുത്തച്ഛന്റെ കൃഷിപ്പണികളൊക്കെ പേരക്കുട്ടികൾ ശ്രദ്ധയോടെ നോക്കി നിൽക്കും.
ഒന്നിനും നിർബന്ധിക്കാത്ത പ്രകൃതമായിരുന്നു. തെറ്റുചെയ്താൽ താക്കീതുകൾക്കുപോലും ഉപദേശത്തിന്റെ സ്വരമില്ലായിരുന്നു. പുലർച്ചെ രണ്ടുമണി കഴിഞ്ഞും തറയിൽ കമഴ്ന്നുകിടന്നുകൊണ്ട് എഴുതുന്ന മുത്തച്ഛന്റെ രൂപം ഗൗരിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഗൗരി ഒരിക്കൽ താനെഴുതിയ കവിതയുമായി മുത്തച്ഛന്റെ അടുത്തെത്തി. അദ്ദേഹം അതുവായിച്ച് തിരുത്തി. മുത്തച്ഛൻ തിരുത്തിയ കവിത വായിച്ച ഗൗരിക്ക് തോന്നി ഇതു താൻ എഴുതിയ കവിതയല്ലെന്ന്. അത്രമാത്രംതിരുത്തലുകൾ അദ്ദേഹം അതിൽ വരുത്തിയിരുന്നു. മേയിൽ നാട്ടിൽ പോയപ്പോഴാണ് അവസാനമായി കണ്ടത്. ഇനി ഡിസംബർ ഒടുവിൽ നാട്ടിൽപോകുമ്പോൾ കാണാമെന്ന പ്രതീക്ഷയിലാണ് ഗൗരി. മുത്തച്ഛന് എന്നും വലിയ തുണയായിരുന്ന മുത്തശ്ശി ഇല്ലല്ലോയെന്ന ദുഃഖം സന്തോഷത്തിനിടയിലും ഗൗരിയുടെ മനസ്സിനെ ഉലയ്ക്കുന്നു.
മുത്തച്ഛന്റെകൂടെ അവധിക്കാലം ചെലവഴിച്ചതിന്റെ സന്തോഷം ഇപ്പോഴും രേവതിയുടെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നു. കവിതകളിൽ മാത്രമായിരുന്നില്ല, മുത്തച്ഛന്റെ ജീവിതവും സ്നേഹസാന്ദ്രമായിരുന്നെന്ന കാര്യത്തിൽ രേവതിക്ക് സംശയമൊട്ടുമില്ല. സ്നേഹം പോലെ സർവവ്യാധിയും ഭേദമാക്കാൻ കഴിയുന്ന മറ്റൊരു മരുന്നില്ലെന്ന് അദ്ദേഹം മക്കളെയും കൊച്ചുമക്കളെയും പഠിപ്പിച്ചു. ദേഷ്യമെന്ന ഭാവം അദ്ദേഹത്തിനില്ലെന്നു രേവതി പറയുന്നു.
ഉപദേശങ്ങൾ കവിതരൂപത്തിൽ പറഞ്ഞ മുത്തച്ഛനെ രേവതി ഒാർക്കുന്നു. ഒരിക്കൽ വിളക്ക് കത്തിച്ച് അതിലെ തീനാളത്തിൽ കൈവെച്ച് കളിക്കുകയായിരുന്നു. അതുകണ്ടുവന്ന അക്കിത്തം ദേഷ്യപ്പെട്ടില്ല. വഴക്കും പറഞ്ഞില്ല. പകരം ഒരു വരി പാടി - ‘‘വെളിച്ചത്ത്് കളിച്ചാൽ സമക്ഷത്ത് നാണം കെടും’’. തീപ്പൊള്ളലേറ്റവണ്ണം രേവതി കൈപിൻവലിച്ചു. അന്ന് ആ വാക്കുകളുടെ അർഥമൊന്നും മുഴുവനായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, വലിയ കാര്യമാണെന്ന് മനസ്സിലായി. അതിനാൽ പിന്നീട് തീയിൽ കൈവെക്കാൻ തോന്നിയില്ലെന്ന് രേവതി ഓർക്കുന്നു. എപ്പോൾ നാട്ടിൽ പോയാലും മുത്തച്ഛനൊപ്പം സമയംചെലവഴിക്കുന്ന രേവതിയും കഴിഞ്ഞ മേയിലാണ് അവസാനമായി കണ്ടത്.