ചെന്നൈ: ഒന്നരമാസത്തോളം നീണ്ട പ്രചാരണ മേളത്തിന് ചൊവ്വാഴ്ച കൊടിയിറങ്ങുമ്പോൾ പ്രതീക്ഷയിലാണ് പാർട്ടികൾ. അവസാനഘട്ട പ്രചാരണത്തിൽ ആവേശം വാനോളം ഉയർത്തി സാഹചര്യം തങ്ങൾക്കനുകൂലമാക്കാമെന്നാണ് നേതാക്കളുടെയും അണികളുടെയും കണക്കുകൂട്ടൽ. വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തുന്ന ജനങ്ങളുടെ മനസ്സിൽ ഇടംനേടാൻ ലഭിക്കുന്ന അവസാന അവസരമായിക്കണ്ട് നേതാക്കൾ കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്.
ഉപതിരഞ്ഞെടുപ്പിൽ കടുത്തപോരാട്ടം
ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം 18 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പുകൂടി പ്രഖ്യാപിച്ചതോടെ പോരാട്ടത്തിൽ വീറും വാശിയുമേറുകയായിരുന്നു. ദിനകരൻപക്ഷ എം.എൽ.എ.മാരുടെ അയോഗ്യതയോടെ ന്യൂനപക്ഷമായിരിക്കുന്ന എ.ഐ.എ.ഡി.എം.കെ. സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഇരുപക്ഷത്തിനും ഒരേപോലെ നിർണായകമാണ്. അയോഗ്യരാക്കപ്പെട്ട എം.എൽ.എ.മാരെത്തന്നെ കളത്തിലിറക്കി ടി.ടി.വി. ദിനകരനും ഉപതിരഞ്ഞടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും സജീവമാണ്. കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യവും രംഗത്തിറങ്ങിയതോടെ മത്സരം മുറുകുകയായിരുന്നു.
മത്സരിച്ച് മോദിയും രാഹുലും
പ്രധാനമന്ത്രി നരേന്ദ്രമോദി ആറുതവണയാണ് തിരഞ്ഞെടുപ്പ് പ്രചാരണാർഥം തമിഴ്നാട്ടിൽ സന്ദർശനം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ മോദി തമിഴകത്ത് പ്രചാരണം ആരംഭിച്ചിരുന്നു. മധുര, തിരുപ്പൂർ, കന്യാകുമാരി, ചെന്നൈ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് നടന്ന പൊതുസമ്മേളനങ്ങളിൽ പ്രധാനമന്ത്രി പ്രസംഗിച്ചു. കഴിഞ്ഞയാഴ്ച രണ്ടുദിവസമാണ് തമിഴ്നാടിനുവേണ്ടി മോദി മാറ്റിവെച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കോയമ്പത്തൂരിലും ശനിയാഴ്ച തേനി, രാമനാഥപുരം എന്നിവിടങ്ങളിലും പ്രചാരണം നടത്തി.
മാർച്ചിൽ ചെന്നൈയിലും നാഗർകോവിലിലും നടന്ന പരിപാടികളിൽ പങ്കെടുത്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കഴിഞ്ഞ വെള്ളിയാഴ്ച കൃഷ്ണഗിരി, സേലം, മധുര, തേനി എന്നിവിടങ്ങളിലും പ്രചാരണം നടത്തി. ഞായറാഴ്ച കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും സ്മൃതി ഇറാനിയും സംസ്ഥാനത്ത് പ്രചാരണത്തിനെത്തി. ഗഡ്കരി സേലത്തും സ്മൃതി ഇറാനി ചെന്നൈയിലും പ്രചാരണം നടത്തി.
കൊണ്ടും കൊടുത്തും സ്റ്റാലിനും എടപ്പാടിയും
പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനും നിറഞ്ഞുനിന്നു. ഈ തിരഞ്ഞെടുപ്പോടെ എടപ്പാടിയുടെ രാഷ്ട്രീയം അവസാനിക്കുമെന്ന് പറഞ്ഞാണ് സ്റ്റാലിന്റെ പ്രചാരണം. എങ്ങനെയും മുഖ്യമന്ത്രിയാകണമെന്ന സ്റ്റാലിന്റെ മോഹം നടക്കില്ലെന്നാണ് എടപ്പാടിയുടെ മറുപടി. ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ചും കോടനാട് എസ്റ്റേറ്റ് കൊലപാതകത്തെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചപ്പോൾ കരുണാനിധിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എടപ്പാടി തിരിച്ചടിച്ചു. ഏറ്റവും ഒടുവിൽ സ്റ്റാലിനും എടപ്പാടിയും കൊമ്പുകോർത്തതും ഈ വിഷയത്തിലാണ്.
വി.ഐ.പി. സ്ഥാനാർഥികൾ ഏറെ
ഒരു കേന്ദ്രമന്ത്രിയും ഒമ്പത് മുൻ കേന്ദ്രമന്ത്രിമാരും മത്സരരംഗത്തുള്ള തിരഞ്ഞെടുപ്പിൽ ഇവരെക്കൂടാതെയും വി.ഐ.പി. സ്ഥാനാർഥികളുണ്ട്. കന്യാകുമാരിയിൽ ബി.ജെ.പി.യ്ക്കുവേണ്ടി മത്സരിക്കുന്ന പൊൻരാധാകൃഷ്ണനാണ് സ്ഥാനാർഥിയായ കേന്ദ്രമന്ത്രി. ടി.ആർ. ബാലു, ദയാനിധിമാരൻ, എ. രാജ, അൻപുമണി രാമദാസ്, ജഗത്രക്ഷകൻ, എ.കെ. മൂർത്തി, ഇ.വി.കെ.എസ്. ഇളങ്കോവൻ, എസ്. തിരുനാവക്കരശർ, എസ്.എസ്. പളനിമാണിക്യം എന്നിവരാണ് മുൻ കേന്ദ്രമന്ത്രിമാർ. ഇതുകൂടാതെ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ തമ്പിദുരൈ, ഡി.എം.കെ. നേതാവ് കനിമൊഴി, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദർരാജൻ, ദേശീയ സെക്രട്ടറി എച്ച്. രാജ, വി.സി.കെ. നേതാവ് തിരുമാവളവൻ തുടങ്ങിയവരും മത്സരരംഗത്തുണ്ട്.
അവസാനമില്ലാതെ റെയ്ഡുകൾ
പ്രചാരണം കൊഴുക്കുന്നതിനനുസരിച്ച് വോട്ടിന് പണം വിതരണവും വ്യാപകമായെന്ന് പരാതിയുണ്ടായിരുന്നു. ഇതേത്തുടർന്ന് ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന ഇപ്പോഴും തുടരുകയാണ്. വെല്ലൂർ കാട്പാഡിയിൽനിന്ന് 11 കോടിയിലേറെ രൂപ കണ്ടെത്തിയതോടെ ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. രേഖകളില്ലാതെ ഇതുവരെ പിടിച്ചെടുത്തിരിക്കുന്ന പണത്തിന്റേയും സ്വർണം അടക്കമുള്ള സാധനങ്ങളുടെയും വില 500 കോടി കടന്നു.
നേതാക്കൾക്ക് തിരക്കിന്റെ ഞായറാഴ്ച
പരസ്യപ്രചാരണങ്ങൾ അവസാനിക്കുന്നതിനുമുമ്പുള്ള പൊതുഅവധി ദിവസം എന്നനിലയിൽ ഞായറാഴ്ച വിശ്രമമില്ലാതെ പ്രചാരണത്തിലായിരുന്നു നേതാക്കൾ. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രചാരണം സേലത്തായിരുന്നു. ഡി.എം.കെ. അധ്യക്ഷൻ സ്റ്റാലിൻ വെല്ലൂരിൽ പ്രചാരണം നടത്തി. സ്ഥാനാർഥികളും മണ്ഡല പര്യടനങ്ങളിൽ സജീവമായിരുന്നു.