ചെന്നൈ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വട്ടപ്പൂജ്യത്തിൽനിന്ന് കരകയറാനുള്ള കഠിനശ്രമത്തിലാണ് ഡി.എം.കെ. ഇത്തവണ പാർട്ടിയിലെ കരുത്തുറ്റ നേതാക്കളെ കളത്തിലിറക്കാനാണ് നീക്കം. 39 മണ്ഡലങ്ങളിൽ 25 എണ്ണത്തിൽ ഡി.എം.കെ. നേരിട്ടു മത്സരിക്കുമെന്നറിയുന്നു. ബാക്കിയുള്ള സീറ്റുകൾ സഖ്യകക്ഷികളായ കോൺഗ്രസ്, സി.പി.എം, സി.പി.ഐ, വി.സി.കെ, മുസ്ലിംലീഗ് എന്നിവയ്ക്ക് നൽകും.
2014-ലെ തോൽവിയിൽനിന്ന് പിടിച്ചുകയറാനാകുമെന്നാണ് ഡി.എം.കെ. കരുതുന്നത്. അതുകൊണ്ടുതന്നെ മികച്ച സ്ഥാനാർഥികളെ കളത്തിലിറക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിജയപ്രതീക്ഷയുള്ള അഞ്ചു മണ്ഡലങ്ങളിലേക്ക് ഏതാണ്ട് സ്ഥാനാർഥിനിർണയം അവസാനഘട്ടത്തിലെത്തി. ഡി.എം.കെ. മുൻ പ്രസിഡന്റ് എം. കരുണാനിധിയുടെ മകളും രാജ്യസഭ എം.പി.യുമായ കനിമൊഴിക്ക് തൂത്തുക്കുടി സീറ്റ് നൽകാനാണ് സാധ്യത. ഒരു മാസമായി കനിമൊഴി തൂത്തുക്കുടി സന്ദർശിക്കുകയും ഗ്രാമസഭകളിലൂടെ ജനങ്ങളുമായി അടുത്തിടപഴകുകയും ചെയ്യുന്നുണ്ട്. 10 വർഷമായി രാജ്യസഭാംഗമാണ് കനിമൊഴി. വരുന്ന മേയിൽ അവരുടെ കാലാവധി പൂർത്തിയാകാനിരിക്കുകയാണ്. 2017-ൽ ടുജി സ്പെക്ട്രം കേസിൽ കുറ്റവിമുക്തയായതോടെ ഡി.എം.കെ.യിൽ അവർ പിടിമുറുക്കിയിട്ടുണ്ട്. നിലവിൽ എ.ഐ.എ.ഡി.എം.കെ.യുടെ ജയസിങ് ത്യാഗരാജ നാറ്റർജിയാണ് തൂത്തുക്കുടി എം.പി.
ഡി.എം.കെ. മത്സരിപ്പിക്കാൻ തയ്യാറെടുക്കുന്ന മറ്റൊരാൾ മുൻ കേന്ദ്ര ടെലികോം മന്ത്രി എ. രാജയാണ്. നീലഗിരിയിലായിരിക്കും സീറ്റ് നൽകുക. 2014-ൽ അദ്ദേഹം ഇതേ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും 20000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ.ഐ.എ.ഡി.എം.കെ.യുടെ ഗോപാലകൃഷ്ണനാണ് വിജയിച്ചത്. മുൻ കേന്ദ്രമന്ത്രിയായ ജഗദ്രക്ഷകനാണ് ഡി.എം.കെ. കളത്തിലിറക്കാൻ ഉദ്ദേശിക്കുന്ന മറ്റൊരുതാരം. ആറക്കോണത്തായിരിക്കും സീറ്റ് നൽകുകയെന്നറിയുന്നു. 1999-ലും 2009-ലും രണ്ടുതവണ ജഗദ്രക്ഷകൻ ആറക്കോണത്തുനിന്ന് വിജയിച്ചിരുന്നു. 2014-ൽ ശ്രീപെരുമ്പുത്തൂരിൽ മത്സരിച്ചെങ്കിലും എ.ഐ.എ.ഡി.എം.കെ.യുടെ കെ.എൻ. രാമചന്ദ്രനോട് തോറ്റു. കേന്ദ്ര വിവരവിനിമയ സഹമന്ത്രിയായിരിക്കെ ജഗദ്രക്ഷകൻ പദവി ദുരുപയോഗംചെയ്ത് അനധികൃത ഖനനം, മദ്യ നിർമാണ ലൈസൻസ് എന്നിവ തരപ്പെടുത്തിയെന്ന് കേസുണ്ട്.
മുൻ കേന്ദ്രമന്ത്രി ടി.ആർ. ബാലുവിന് ഇത്തവണ അദ്ദേഹത്തിന്റെ ഭാഗ്യമണ്ഡലമായ സൗത്ത് ചെന്നൈയിൽതന്നെ സീറ്റ് നൽകിയേക്കും. ചിലപ്പോൾ ശ്രീപെരുമ്പുത്തൂരിൽ കളത്തിലിറക്കുമെന്നും പറയപ്പെടുന്നുണ്ട്. 1986-ൽ രാജ്യസഭാംഗമായാണ് ബാലുവിന്റെ വരവ്. 1996-ൽ സൗത്ത് ചെന്നൈയിൽനിന്ന് വിജയിച്ച് ലോക്സഭയിലെത്തി. 1996 മുതൽ 2009 വരെ ഇതേ മണ്ഡലം ബാലുവിനെ തുണച്ചു. 2009-ൽ ശ്രീപെരുമ്പത്തൂരിൽ മത്സരിച്ചപ്പോഴും വിജയം കൂടെയുണ്ടായിരുന്നു. പക്ഷെ, 2014-ൽ എ.ഐ.എ.ഡി.എം.കെ.യുടെ കെ. പരശുരാമനോട് തോൽവിയടയേണ്ടി വന്നു.
മുൻ കേന്ദ്രമന്ത്രിയായ ദയാനിധിമാരന്റെ പേരും സ്ഥാനാർഥിയായി ഉയർന്നുകേൾക്കുന്നുണ്ട്. ചെന്നൈ സെൻട്രലിൽ മത്സരിക്കാനാണ് സാധ്യത. മുൻ കേന്ദ്രമന്ത്രി മുരസൊലി മാരന്റെ മകനാണ് ദയാനിധി. 2004-ലും 2009-ലും ചെന്നൈ സെൻട്രലിൽ അദ്ദേഹം ജയിച്ചിരുന്നു. പക്ഷെ, 2014-ൽ എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥിയിൽനിന്ന് പരാജയം ഏറ്റുവാങ്ങി.