ചെന്നൈ: പുതിയ നികുതി നിർദേശങ്ങളോ ജനപ്രിയ പദ്ധതികളോ ഇല്ലാതെ തമിഴ്നാട് സർക്കാരിന്റെ ബജറ്റ്. 14,315 കോടി രൂപ റവന്യൂ കമ്മി പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം അവതരിപ്പിച്ചത്. 1,97,721.17 കോടി രൂപ വരവും 2,12,035.93 കോടി രൂപ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. 44,176 കോടിയാണ് ധനക്കമ്മി. 43,000 കോടി രൂപ കടമെടുക്കും. സംസ്ഥാനത്തിന്റെ പൊതുകടം 2019-20 സാമ്പത്തിക വർഷം അവസാനത്തോടെ 3,97,495.96 കോടിലെത്തും. സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 23.02 ശതമാനമാണിത്.
തുടർച്ചയായ ആറാമത്തെ വർഷമാണ് നികുതി വർധനയില്ലാത്ത ബജറ്റ് അവതരിപ്പിച്ചത്. ഇതിൽ അഞ്ചും ഒ.പി.എസാണ് അവതരിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ഉദയ് പദ്ധതി നടപ്പാക്കിയത് മൂലം ടാൻജെഡ്കോയുടെ 22,815 കോടി രൂപയുടെ കടം ഏറ്റെടുക്കേണ്ടി വന്നതും ഏഴാം ശമ്പള കമ്മിഷൻ ശുപാർശകൾ നടപ്പാക്കിയതും മൂലമാണ് കഴിഞ്ഞ ചില വർഷങ്ങളിലായി വരുമാന കമ്മി അധികരിച്ചതെന്ന് ബജറ്റ് പ്രസംഗത്തിൽ ഒ.പി.എസ്. പറഞ്ഞു.
പുതിയ സാമ്പത്തിക വർഷം മുതൽ നിലമെച്ചപ്പെടും. നടപ്പുസാമ്പത്തിക വർഷത്തെ (2018-19) പുതുക്കിയ ബജറ്റ് പ്രകാരം 19,319.02 കോടിയാണ് കമ്മി. ബജറ്റ് വർഷം ഇത് 14,315 കോടിയായി കുറയും. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 9.07 ശതമാനത്തിൽ നിന്ന് 14 ശതമാനമായി വർധിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച 8.16 ശതമാനമാണ്. സംസ്ഥാനത്തെ ആളോഹരി വരുമാനം അഞ്ച് വർഷത്തിനുള്ളിൽ 1,03,600 രൂപയിൽ നിന്ന് 1,42,267 രൂപയായി ഉയർന്നു.
വിദ്യാഭ്യാസം, കൃഷി, ആരോഗ്യസുരക്ഷ, ഗ്രാമ വികസനം എന്നിവയ്ക്ക് ബജറ്റിൽ മുൻഗണന നൽകിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന് 28,757 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ഗ്രാമവികസനത്തിന് 18,274 കോടി, ആരോഗ്യ സുരക്ഷയ്ക്ക് 12,563.83 കോടി, കർഷകർക്ക് വായ്പ അനുവദിക്കുന്നതിന് 10,000 കോടി രൂപ എന്നിങ്ങനെയും അനുവദിച്ചു.
റവന്യൂ ചെലവിന്റെ 40 ശതമാനവും സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷൻ അടക്കമുള്ള വിരമിക്കൽ ആനുകൂല്യങ്ങളുമാണ്. ശമ്പളം ഇനത്തിൽ 55,399.75 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പെൻഷൻ തുടങ്ങിയ വിരമിക്കൽ ആനുകൂല്യങ്ങൾക്കായി 29,627.11 കോടിയും വകയിരുത്തിയിട്ടുണ്ട്. മൂലധന ചെലവുകൾക്കായി 31,251.21 കോടി രൂപ ബജറ്റിൽ മാറ്റി വെച്ചിട്ടുണ്ട്. അപകട ഇൻഷുറൻസ് പദ്ധതിക്ക് വേണ്ടി 250 കോടി രൂപ വകയിരുത്തി. സാമൂഹിക ക്ഷേമപെൻഷന് 3,958 കോടി, ചെന്നൈയിലെ ഖരമാലിന്യ നിർമാർജന പദ്ധതിക്കായി 1,546.04 കോടി രൂപ എന്നിങ്ങനെയും വകയിരുത്തി.