ചെന്നൈ: പാർട്ടി അധ്യക്ഷൻ കരുണാനിധിയുടെ ആരോഗ്യനിലയെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കും വ്യാജവാർത്തകൾക്കുമെതിരേ മുന്നറിയിപ്പുമായി ഡി.എം.കെ.

ഇത്തരം വാർത്തകൾ ആരും വിശ്വസിക്കരുതെന്ന് നേതാക്കൾ പറഞ്ഞു. ആശുപത്രി അധികൃതരും നേതാക്കളും മാധ്യമങ്ങൾ മുഖേന നടത്തുന്ന പ്രസ്താവന മാത്രമേ വിശ്വസിക്കാവൂ എന്ന് ഡി.എം.കെ. നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ എ. രാജ പറഞ്ഞു.

കരുണാനിധിയുടെ മകളും രാജ്യസഭാ എം.പി.യുമായ കനിമൊഴിയും അഭ്യൂഹങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഡി.എം.കെ. വർക്കിങ് പ്രസിഡന്റ് സ്റ്റാലിൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലും ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ചില ദുഷ്ടശക്തികൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ആരും അവ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.