ചെന്നൈ: മക്കള്‍ നീതി മയ്യത്തിന്റെ നയവും പരിപാടിയും ആറ് മാസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് കമല്‍ഹാസന്‍ പറഞ്ഞു. നയവും പരിപാടിയും പ്രഖ്യാപിക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് കാണിച്ച് കൊടുക്കും. അപ്പോള്‍ സിനിമയില്‍ ആര് അഭിനയിക്കുമെന്ന ചോദ്യമാണ് മറ്റൊരു ഭാഗത്ത് നിന്ന് ഉയരുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ വേറെ നടന്‍മാര്‍ ആവശ്യത്തിനുണ്ട്. തമിഴ് രാഷ്ട്രീയത്തിലെ ധാര്‍മികത വീണ്ടെടുക്കുകയെന്നതാണ് തന്റെ ലക്ഷ്യം. വനിതാദിനാഘോഷത്തോടനുബന്ധിച്ച് ചെന്നൈയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 40 വര്‍ഷമായി തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന രണ്ട് ലക്ഷത്തോളം പ്രവര്‍ത്തകര്‍ തന്നോടൊപ്പമുണ്ട്. അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 3.60 കോടി ഭൂണഹത്യകള്‍ നടന്നിട്ടുണ്ട്. ഇത് ഒരു രാജ്യത്ത് നടക്കുന്ന എറ്റവും വലിയ അനീതിയാണ് ഇത്തരം അനീതിയാണ്. പെണ്‍ ഭൂണഹത്യയ്ക്ക് ആണ്‍-പെണ്‍ അനുപാതം ഗണ്യമായി കുറഞ്ഞ് വരികയാണ്. ഗുജറാത്തില്‍ ആണ്‍-പെണ്‍ അനുപാതം 1000-811 എന്ന രീതിയിലാണ്. അമേരിക്കയിലാണ് ഇത്തരം സംഭവങ്ങളെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. ആണ്‍-പെണ്‍ അനുപാതം കൃത്യമായി മുന്നോട്ടുപോയാല്‍ മാത്രമേ നാട്ടില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം കുറയുകയുള്ളൂ.

അനീതി വര്‍ധിക്കുന്നതിന് കാരണം ജനങ്ങള്‍ തക്ക സമയത്ത് പ്രതികരിക്കാത്തത് കൊണ്ടാണ്. ജനങ്ങളുടെ പ്രതികരണ ശേഷി ഇല്ലായ്മ മുതലെടുത്താണ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കാല ഘട്ടങ്ങളില്‍ പണം നല്‍കുന്നത്. കമല്‍ഹാസന്‍ പറഞ്ഞു. സമ്മേളനത്തിന് വന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും പകുതിയിലേറെ സീറ്റുകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. പോലീസ് അതിക്രമത്തില്‍ മരിച്ച സ്ത്രീയുടെ കുടുംബത്തിന് പത്ത് ലക്ഷം

തിരുച്ചിറപ്പള്ളിയില്‍ ബൈക്കില്‍ ഭര്‍ത്താവിനോടൊപ്പം സഞ്ചരിക്കവേ പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട് മരിച്ച ഗര്‍ഭിണിയായ സ്ത്രീയുടെ കുടുംബത്തിന് കമല്‍ഹാസന്‍ പത്തുലക്ഷം സഹായധനം നല്‍കുമെന്ന് പ്രഖ്യാപിച്ചു. പോലീസിന്റെ നടപടിയില്‍ പൊലിഞ്ഞത് രണ്ട് ജീവനാണ്. പോലീസ് കടമകള്‍ മറന്ന് പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ജീവഹാനി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പോലീസ് സ്വന്തം കടമ നിറവേറ്റുകയാണ് വേണ്ടത്. ആരുടെയും ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലേക്ക് പോലീസിന്റെ പ്രവര്‍ത്തനം പോകരുത്. എന്നാല്‍, എല്ലാ പോലീസുകാരും കുറ്റക്കാരെല്ലെന്നും ലാത്തിയും തോക്കുമില്ലാതെ അതീവ സംഘര്‍ഷ സ്ഥലത്ത് എത്തി സമാധാനം ഉറപ്പുവരുത്തുന്നവരുമുണ്ട്. പ്രശ്‌നങ്ങള്‍ രമ്യതയില്‍ എത്തിക്കാന്‍ പോലീസിന് കഴിയണം. കമല്‍ഹാസന്‍ പറഞ്ഞു.
 
സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ ആദരിച്ചു

സമൂഹനന്മയ്ക്കായി നിലകൊള്ളുന്ന സ്ത്രീകളെ ചടങ്ങില്‍ ആദരിച്ചു. എറെ വര്‍ഷമായി മധുരയില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഗാന്ധിമതിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിശ്ശബ്ദ സാമൂഹികപ്രവര്‍ത്തനം നടത്തുന്ന സ്ത്രീകളെയും ആദരിച്ചു.