ചെന്നൈ: കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തില്‍ അംഗങ്ങളുടെ എണ്ണം കൂടുന്നു. ചൊവ്വാഴ്ച 160 അഭിഭാഷകര്‍ അംഗത്വമെടുത്തു. ഇതില്‍ പതിനഞ്ചു പേര്‍ വനിതകളാണ്. കൂടാതെ ഇരുപതോളം നിയമവിദ്യാര്‍ഥികളും അംഗത്വമെടുത്തതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ ഒരു പാര്‍ട്ടിയുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാത്തവരാണ് കമലിനൊപ്പം എത്തിയത്. മക്കള്‍ നീതി മയ്യത്തിന്റെ ആശയങ്ങളിലും കമല്‍ഹാസന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും താത്പര്യപ്പെട്ടാണ് അഭിഭാഷകര്‍ പിന്തുണമായി എത്തിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരി 21- നാണ് കമല്‍ പാര്‍ട്ടി രപവത്കരിച്ചത്. തുടര്‍ന്ന് അംഗത്വം വര്‍ധിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനത്തില്‍ മുഴുകുകയായിരുന്നു അദ്ദേഹം. യുവനിരയെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള ശ്രമമാണ് കമല്‍ നടത്തുന്നത്. നിരവധി കോളേജ് വിദ്യാര്‍ഥികള്‍ കമലിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ ഇപ്പോള്‍ മൂന്നു ലക്ഷത്തിലധികം പേര്‍ അംഗത്വമെടുത്തിട്ടുണ്ട്. ഇതില്‍ വിദേശത്തുള്ളവരും ഉള്‍പ്പെടും. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങാനും കമല്‍ഹാസന്‍ പദ്ധതിയിടുന്നുണ്ട്.