ചെന്നൈ: കേരളത്തിലേക്കുള്ള ആഭ്യന്തര ടൂറിസ്റ്റുകളില്‍ എറ്റവുംകൂടുതല്‍ തമിഴ്‌നാട്ടില്‍നിന്നാണെന്ന് കേരള ടൂറിസം മാര്‍ക്കറ്റിങ് ഡയറക്ടര്‍ വി.എസ്. അനില്‍ പറഞ്ഞു. കേരളത്തിലേക്കുള്ള ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതല്‍. കഴിഞ്ഞവര്‍ഷം ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 11.71 ശതമാനത്തിന്റെയും വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ 5.59 ശതമാനം പേരുടെയും വര്‍ധനയുണ്ടായിരുന്നു.

കേരള ടൂറിസം പ്രമോഷന്‍പദ്ധതിയുടെ ഭാഗമായി നടത്തിയ റോഡ് ഷോയില്‍ സംസാരിക്കുകയിയിരുന്നു അദ്ദേഹം. അടുത്ത ടൂറിസംപദ്ധതിക്കുള്ള എല്ലാ ഒരുക്കങ്ങളും കേരളത്തില്‍ നടത്തി വരികയാണ്. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 9.5 ശതമാനം ടൂറിസത്തില്‍ നിന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാരത്തിന്റെ പ്രോത്സാഹനത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ടൂര്‍ ഓപ്പറേറ്ററുമായി ധാരണയുണ്ടാക്കാനായി കേരളത്തില്‍ നിന്ന് 50 ടൂര്‍ ഓപ്പറേറ്ററുമാര്‍ ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ 300 ടൂര്‍ ഓപ്പറേറ്റര്‍മാരുമായി കേരളത്തില്‍നിന്ന് എത്തിയവര്‍ ചര്‍ച്ച നടത്തി. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനായി പ്രദേശിക ഗൈഡുമാര്‍ക്ക് ആറ്ുമാസത്തെ പരിശീലനം നല്‍കുന്നുണ്ട്.

കേരളത്തില്‍ മൂന്നാര്‍, കൊച്ചി, തേക്കടി, കുമരകം എന്നിവിടങ്ങളിലും വടക്കന്‍ കേരളത്തില്‍ വയനാട്ടിലേക്കുമാണ് എറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്താറുള്ളത്. വിനോദസഞ്ചാരികള്‍ക്ക് താമസിക്കാനായി ഹോട്ടലുകള്‍ക്കുപുറമെ 1000-ത്തോളം വീടുകളുമുണ്ട്. സ്വകാര്യ വ്യക്തികളുമായി യോജിച്ചാണ് വീടുകള്‍ ഒരുക്കിയിട്ടുള്ളത്.

റോഡ് ഷോയുടെ ഭാഗമായി ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മോഹിനിയാട്ടം, കഥകളി, കളരിപ്പയറ്റ്, മയൂരനൃത്തം, തെയ്യം എന്നിവ അരങ്ങേറി. ചെറുത്തുരുത്തിയിലെ സ്‌കൂള്‍ ഓഫ് സൊസൈറ്റിയാണ് കലാരൂപങ്ങള്‍ ഒരുക്കിയത്.